സാങ്കേതിക വി.സി നിയമനം: സർക്കാർ വിജ്ഞാപനം നിയമത്തിന് വിരുദ്ധം

Sunday 24 August 2025 12:36 AM IST

□10വർഷം പരിചയമുള്ള ഏത് യൂണി. പ്രൊഫസർക്കും വി.സിയാവാം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം സർവകലാശാല നിയമത്തിന് വിരുദ്ധം.

എൻജിനിയറിംഗ് ശാസ്ത്ര രംഗത്തെ പ്രഗത്ഭർക്കേ നിയമപ്രകാരം വി.സിയാകാനാവൂ. എന്നാൽ സർക്കാരിന്റെ വിജ്ഞാപനത്തിൽ സർവകലാശാലകളിൽ പത്തു വർഷം പ്രൊഫസറായി പരിചയമുള്ളവർക്കോ റിസർച്ച്, അക്കാഡമിക് സ്ഥാപനങ്ങളിൽ 10 വർഷത്തെ പരിചയമുള്ളവർക്കോ അപേക്ഷിക്കാം. അക്കാഡമിക് വൈദഗ്ദ്ധ്യവും നേതൃപാടവവും യോഗ്യതകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം ഏത് സർവകലാശാലകളിലെയും ഉന്നത ഗവേഷണ, അക്കാഡമിക് സ്ഥാപനങ്ങളിലെയും പ്രൊഫസർമാർക്ക് അപേക്ഷിക്കാം.

സർവകലാശാലാ നിയമം മുഖവിലയ്ക്കെടുക്കാതെയാണ് സർക്കാരിന്റെ വിജ്ഞാപനം. അതേ സമയം, പ്രായപരിധി 61, നിയമന കാലയളവ് നാലു വർഷം എന്നതടക്കമുള്ള സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി. സെപ്തംബർ 19നകം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലോ secy.hedu@kerala.gov.in, highereducationas1@gmail.com എന്നീ ഇ-മെയിലുകളിലോ അപേക്ഷ അയയ്ക്കാമെന്നാണ് വിജ്ഞാപനത്തിലുള്ളത്.