മെഡിക്കൽ പിജി: സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂർ വാങ്ങണം
2025-ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അപേക്ഷകരും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിൽനിന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്. പട്ടിക ജാതി/വർഗ്ഗ വിഭാഗം തെളിയിക്കുന്നതിന് തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, SEBC/OEC വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസ/ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിനായി വില്ലജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം), മൈനോറിറ്റി ക്വാട്ടാ സീറ്റിലേയ്ക്ക് പരിഗണിക്കുന്നതിനായി സ്കൂൾ സർട്ടിഫിക്കറ്റിൽ ജാതി/സമുദായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ജാതി/സമുദായ സർട്ടിഫിക്കറ്റ്, തുടങ്ങിയവ മുൻകൂട്ടി വാങ്ങി സൂക്ഷിക്കേണ്ടതാണ്.
എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ
ഉത്തരവുകളിലെ വ്യവസ്ഥകൾ പാലിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
a. സ്പോൺസറുടെ പാസ്പോർട്ടിന്റെ കോപ്പി, വിസ/ഗ്രീൻകാർഡ്/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI)/ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ഈ രേഖയിൽ സ്പോൺസറുടെ ജോലി സംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കണം. പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻ്റ് വരെ വിസയ്ക്ക് കാലാവധി ഉണ്ടായിരിക്കണം.
b. വിസ/ഗ്രീൻകാർഡ്/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് (OCI) എന്നിവയിൽ
തൊഴിൽ രേഖപ്പെടുത്താത്ത പക്ഷം എംബസി സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ
എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
c. സ്പോൺസറും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം തെളയിക്കുന്ന റവന്യൂ ആധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (ബന്ധം വിശദമാക്കിയിരിക്കണം). സ്പോൺസർ അച്ഛൻ/അമ്മ ആണെങ്കിൽ അപേക്ഷകന്റെയും സ്പോൺസറുടെയും പേരുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ രേഖകൾ മതിയാകും.
d. വിദ്യാർത്ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും (ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് ഉൾപ്പെടെ) വഹിക്കാമെന്നുള്ള സ്പോൺസറുടെ സമ്മതപത്രം 200/-രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണ ആനുകൂല്യം/NRI അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ. ഇതു സംബന്ധിച്ച പ്രസക്തമായ സർക്കാർ ഉത്തരവുകളും സർക്കാർ അംഗീകരിച്ച 2025 ലെ പി ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭ്യമാണ്.