ന്യായാധിപർക്കെതിരെയും ലൈംഗിക ആരോപണം

Sunday 24 August 2025 12:00 AM IST

കൊച്ചി: സംസ്ഥാനത്ത് ആറു മാസത്തിനിടെ രണ്ടു ന്യായാധിപർ ലൈംഗികാരോപണത്തിൽ കുടുങ്ങിയത് ജുഡിഷ്യറിക്ക് അപമാനമായി. കൊല്ലം ചവറ കുടുംബ കോടതി ജഡ്ജിയായിരുന്ന വി.ഉദയകുമാർ, കോഴിക്കോട് വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി എം.സുഹൈബ് എന്നിവർക്കെതിരെയാണ് ആരോപണം.

മൂന്നു വനിതകൾ പരാതി നൽകിയതിനെത്തുടർന്ന് ഉദയകുമാറിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി (എ.സി) അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാർക്കാണ് (ജില്ല ജുഡിഷ്യറി) ചുമതല. ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയേക്കും.

സസ്‌പെൻഷനുശേഷം എം.സുഹൈബ് സർവീസിൽ തിരിച്ചെത്തിയെങ്കിലും ആരോപണങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഇത് അന്വേഷിച്ചത്. കോടതിയിലെ പരാതി പരിഹാര സമിതിക്കോ പൊലീസിനോ ഇരരേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും നടപടി വൈകുന്നുവെന്ന് ആരോപിച്ച് കോടതിയിലെ ഒരുവിഭാഗം ജീവനക്കാർ ജഡ്ജിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ജഡ്ജിയുടെ ചേംബറിൽ മോശം അനുഭവം ഉണ്ടായെന്ന പരാതിയാണ് ഉദയകുമാറിനെതിരെയുള്ളത്. ഉദയകുമാറിനെ കൊല്ലം മോട്ടോർ ആക്‌സിഡന്റ്‌ ക്ലെയിംസ് ട്രൈബ്യൂണലിലേക്ക് (എം.എ.സി.ടി) ആഗസ്റ്റ് 20ന് സ്ഥലം മാറ്രുകയും റിപ്പോർട്ട് വരുന്നതുവരെ ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഗവ. പ്ലീഡർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയും സമാന ആരോപണങ്ങൾ ഉയർന്നിരുന്നു.