ഗർഭഛിദ്രത്തിന് നിർബന്ധിച്ച് രാഹുൽ -- 'നിന്നെ കൊല്ലാൻ സെക്കൻഡുകൾ മതി'
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിന് ഊരാക്കുരുക്കായി പുതിയ ശബ്ദരേഖ പുറത്തുവന്നു. ഗർഭഛിദ്രം നടത്താൻ യുവതിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവന്നത്. നിന്നെ കൊല്ലാനാണെങ്കിൽ സെക്കൻഡുകൾ മതി എന്നാണ് രാഹുൽ യുവതിയോട് പറയുന്നത്.
സംഭാഷണം ഇങ്ങനെ:
യുവതി: എന്റെ പെർമിഷനില്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ് ?
രാഹുൽ: ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.
യുവതി: പ്രത്യാഘാതം ഞാൻ ഒറ്റയ്ക്ക് അഭിമുഖീകരിക്കുമെന്ന് പറഞ്ഞല്ലോ.
രാഹുൽ: അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് ബോദ്ധ്യമുണ്ടല്ലോ. യുവതി : അത് താൻ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ടാണ്, എന്നെകുറിച്ച് ചിന്തിച്ചിട്ടില്ല.
രാഹുൽ: താൻ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനം എടുക്കുന്നത്.
യുവതി: ആലോചിച്ചില്ലായിരുന്നെങ്കിൽ സുഹൃത്തുക്കളോട് എപ്പോഴേ തന്റെ പേര് പറയുമായിരുന്നു. എത്രയോ വട്ടം എന്നോട് ചോദിച്ചെന്നറിയാമോ.
രാഹുൽ: എന്റെ ടെമ്പർ തെറ്റുന്നു. പ്രത്യാഘാതത്തെക്കുറിച്ച് തനിക്ക് ഒരു ബോദ്ധ്യവുമില്ല.
യുവതി: ടെമ്പർ തെറ്റുമ്പോൾ തനിക്ക് എന്തെങ്കിലും വിളിച്ച് പറയാൻ പറ്റുന്ന വസ്തുവല്ല ഞാൻ.
ഞാൻ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ടായിട്ടും.
രാഹുൽ: തന്റെ പ്രവൃത്തി പോരെ.
യുവതി: ഇതാണോ തന്റെ ആദർശം? ലൈഫിൽ കൊണ്ടുവാടോ ആദർശം. ഞാൻ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല
രാഹുൽ: താൻ എന്താണ് ഉദ്ദേശിക്കുന്നത്, താൻ എങ്ങനെയാണ് അത് മാനേജ് ചെയ്യുക
യുവതി: ഞാൻ അത് മാനേജ് ചെയ്യും എന്ന് പറഞ്ഞതല്ലേ.
രാഹുൽ: താനിങ്ങനെ കിടന്ന് ചാടിയാൽ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ. അതുണ്ടായ ശേഷം എന്ത് ചെയ്യും താൻ.
യുവതി: അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലലോ.
രാഹുൽ: എന്ത് ചെയ്യും താൻ, എന്തെന്ന് പറഞ്ഞ് കൊണ്ടുവരും?
യുവതി: ഞാൻ കൊണ്ടുവരില്ല. കൊണ്ടുവന്നാൽ താൻ കൊന്നുകളയുമെന്ന് എനിക്കറിയാം രാഹുൽ: താനെന്താ സിനിമ കാണുകയാണോ ?
യുവതി: സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ, ബാക്കിയുള്ളവരുടെ ഇമോഷൻസ് ഒന്നും... തനിക്ക് തന്റെ ഫ്യുച്ചർ. തന്റെ ജീവിതം, തന്റെ കാര്യം, അത് മാത്രം. നാട്ടിൽ നിൽക്കാൻ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നിൽക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്
രാഹുൽ: തന്റെ ഇമോഷന്റെ കാര്യമാണോ താൻ ഇപ്പോഴും പറയുന്നത് യുവതി: എന്നേക്കാൾ ഇമ്പോർട്ടൻസ് എന്റെ ലൈഫിൽ വരുന്ന ഒരു കുഞ്ഞിന് കൊടുക്കുന്നുണ്ട്, അതെന്റെ സ്‌നേഹമാണ്. തന്റെ പോലത്തെ സ്‌നേഹമല്ല
രാഹുൽ: ആ കുഞ്ഞെങ്ങനെ വളരും?
യുവതി: അത് ഞാൻ നോക്കിക്കോളാം, എനിക്ക് നല്ല അന്തസ്സായി വളർത്താൻ പറ്റും. തന്റെ ഒരു സഹായവും ആവശ്യമില്ല.
രാഹുൽ: എടോ എനിക്ക് തന്നെ ഒന്നുകാണണം. എനിക്ക് തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്. സീരിയസ്‌ലി.
യുവതി: സ്‌നേഹംകൊണ്ടല്ല താൻ കാണാൻവരുന്നതെന്ന് എനിക്കറിയാം. എനിക്ക് എന്തെങ്കിലും കലക്കിത്തന്ന് കൊല്ലാനാണോ.
രാഹുൽ: എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാ വിചാരിക്കുന്നേ.
യുവതി : എങ്കിൽ കൊന്നേരേ... എന്നെ കൊന്നേരേ. അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ളകാര്യം. എന്നിട്ട് താൻ മിടുക്കനായിട്ട് അങ്ങ് പോകുമോ. താൻ എന്താണെന്നുവച്ചാൽ ചെയ്യ്.
രാഹുലിനെതിരെ പരാതി കിട്ടിയില്ലെന്ന് ദീപാദാസ് മുൻഷി
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സ്ഥാനം സ്വയം ഒഴിഞ്ഞതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാഹുലിനെതിരെ ഒരു സ്ത്രീയിൽ നിന്നോ ഏതെങ്കിലും കുടുംബത്തിൽ നിന്നോ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ല. പാർട്ടി സംസ്ഥാനഘടകവും പരാതിപ്പെട്ടിട്ടില്ല. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. രാഹുലിനെതിരെ അന്വേഷണത്തിന് പാർട്ടി സമിതിയെ നിയോഗിച്ചെന്ന റിപ്പോർട്ട് തെറ്റാണ്. ഇത് സദാചാരപരമായ ഒരു വിഷയമാണ്. കോൺഗ്രസ് എപ്പോഴും സന്മാർഗത്തിന് പ്രാധാന്യം നൽകാറുണ്ട്.
കർശന നടപടി: സതീശൻ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതി പാർട്ടി ഗൗരവമായി പരിശോധിച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കിയത് ഒന്നാം ഘട്ടമാണ്.ബഹളം വയ്ക്കുന്നവർ അവരുടെ കാര്യത്തിൽ എന്താണ് ചെയ്തതെന്ന് ആത്മപരിശോധന നടത്തണം. സി.പി.എം നേതാക്കളിൽ 'കോഴിഫാം" നടത്തുന്നവരുണ്ട്. പോക്സോ കേസിൽ പ്രതിയായിട്ടും ബി.ജെ.പിയുടെ ഒരു മുൻ മുഖ്യമന്ത്രി ഉന്നതാധികാര സമിതിയിലുണ്ട്. ആരോപണം ഉന്നയിക്കുന്ന ഏതെങ്കിലും സ്ത്രീയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വേട്ടയാടിയാൽ അവർക്കെതിരെ നടപടിയെടുക്കും. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ച നടത്തിയിട്ടില്ല. സതീശൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയറാകണം: ടി.എൻ.പ്രതാപൻ
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ.പ്രതാപൻ. സമൂഹം ഭൂതക്കണ്ണാടി വച്ചാണ് പൊതുപ്രവർത്തകരെ നോക്കുന്നത്. അവർ ജീവിതം സൂക്ഷ്മതയോടെ കൊണ്ടുനടക്കണം. രാഹുലിനെതിരെയുള്ള നടപടി കെ.സി.വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. അതാണ് തന്റെയും നിലപാടെന്ന് പ്രതാപൻ പറഞ്ഞു.
തളർത്താനാവില്ല: ഷാഫി പറമ്പിൽ
വടകര: രാഹുലിന്റെ വിഷയം ഉയർത്തി ഇടത് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ മറയ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. പ്രതിപക്ഷത്തെ തളർത്താമെന്ന് വ്യാമോഹിക്കേണ്ട. സർക്കാരിനെതിരെ യു.ഡി.എഫ് ശക്തമായ പോരാട്ടം തുടരും. കോടതി വിധിയോ എഫ്.ഐ.ആറോ പരാതിയോ നൽകുന്നതിന് മുമ്പ് രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ വരിനിന്ന് പ്രതികരിക്കണമെന്ന് നിർബന്ധമില്ലല്ലോ. ബീഹാറിൽ രാഹുൽഗാന്ധി നയിക്കുന്ന യാത്രയുടെ ഭാഗമായതാണ്. അതിനെ ഷാഫി മുങ്ങിയെന്നൊക്കെ മാദ്ധ്യമങ്ങൾ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണ്.
രാഹുൽ സ്വഭാവ ശുദ്ധിയില്ലാത്തയാൾ: വെള്ളാപ്പള്ളി നടേശൻ
കൊല്ലം: രാഹുൽ മാങ്കൂട്ടത്തിൽ സ്വഭാവശുദ്ധിയില്ലാത്തയാളാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പൊതുപ്രവർത്തകർക്ക് സ്വഭാവശുദ്ധി ഉണ്ടാകണം. വലിയ കൊമ്പനാനയെപ്പോലെ നിന്നയാളാണ് രണ്ട് കൊമ്പും ഒടിഞ്ഞ് നിലത്ത് കിടക്കുന്നത്. ഇപ്പോൾ എം.എൽ.എ സ്ഥാനം ഉപേക്ഷിക്കേണ്ട സാഹചര്യം വരെ എത്തിനിൽക്കുകയാണ്. മാങ്കൂട്ടത്തിലിന്റെ പ്രവൃത്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരിയില്ലാതെ ഒത്തിരി നാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.