ഡി.എ കുടിശിക: ഉറപ്പിലെ തുടർനടപടി തേടി ഹൈക്കോടതി

Sunday 24 August 2025 12:47 AM IST

കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ക്ഷാമബത്ത കുടിശിക പ്രതിവർഷം രണ്ട് ഗഡുക്കൾ വീതം കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ തുടർ നടപടി അറിയിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച സത്യവാങ്മൂലം സർക്കാർ ഒരു മാസത്തിനകം ഫയൽ ചെയ്യണമെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ നിർദ്ദേശം.

ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2021 ജനുവരി മുതലുള്ള കുടിശിക ലഭിക്കാനുണ്ട്.

കഴിഞ്ഞ വർഷം ജൂലായിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിന് ശേഷം മൂന്ന് തവണ ഡി.എ കുടിശിക നൽകിയിട്ടുണ്ടെന്നും തുടർ നടപടിയുടെ കാര്യത്തിൽ വിശദീകരണത്തിന് സമയം വേണമെന്നും സർക്കാരിനായി ഹാജരായ സ്പെഷ്യൽ ഗവ. പ്ലീഡർ പി.കെ. ബാബു ആവശ്യപ്പെട്ടു. തുടർന്ന് സമയം അനുവദിച്ച് ഹർജി സെപ്തംബർ 22ലേക്ക് മാറ്റി.