രാഹുൽ പഠനകാലത്തും മോശക്കാരനെന്ന് ആനി രാജ
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ ഡൽഹിയിലെ പഠനകാലത്തും മോശക്കാരനായിരുന്നുവെന്നാണ് അറിയുന്നതെന്ന് സി.പി.ഐ നേതാവ് ആനി രാജ. ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിച്ചിരുന്നു. യഥാസമയം തക്ക മറുപടി നൽകി അവർ തിരിച്ചയച്ചു. തിരഞ്ഞടുക്കപ്പെട്ട പദവികളിൽ വരാൻ യോഗ്യനായ ആളല്ല. എം.എൽ.എ സ്ഥാനം രാജിവയ്ക്കണം.
എം.എൽ.എ സ്ഥാനം രാജിവയ്ക്കണം:രാജീവ് ചന്ദ്രശേഖർ
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ നിയമസഭാംഗത്വം ഉടൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംശുദ്ധനായ ജനപ്രതിനിധിയെ വേണമെന്നത് പാലക്കാട്ടെ ജനങ്ങളുടെ അവകാശമാണ്. അക്കാര്യത്തിൽ പരാജയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പദവി ഒഴിയണം.
വിവാദം കോൺ. കൈകാര്യം ചെയ്യുമെന്ന് ലീഗ്
ന്യൂഡൽഹി : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമോയെന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട വിഷയമെന്ന് മുസ്ലിം ലീഗ്. വിഷയം കോൺഗ്രസ് കൈകാര്യം ചെയ്യുന്നുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പ്രതികരിച്ചു. എൽ.ഡി.എഫിലും വിവാദങ്ങളുയർന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരിച്ചുവരും.
രാഹുൽ കാരണം വനിതാ പ്രവർത്തകർ കെ.എസ്.യു വിട്ടെന്ന്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെ.എസ്.യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. ന്യായീകരിക്കാൻ നമുക്ക് സമയമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വിമർശിച്ചു. പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജും വിമർശിച്ചു. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിഴുപ്പലക്കൽ.
ഹണി ഭാസ്കരന്റെ പരാതിയിൽ സൈബർ കേസ്
തിരുവനന്തപുരം: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ഹണി ഭാസ്കരൻ നൽകിയ പരാതിയിൽ ഒമ്പത് പേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തു.പോൾ വർഗീസ്, വി ഹേറ്റ് സി.പി.എം, മധു, ഫാത്തിമ നസ്രിയ, പോൾ ഫ്രെഡി, നാസർ, അഫ്സൽ കാസിം, പി ടി ജാഫർ തുടങ്ങിയ ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് എതിരെയാണ് കേസ് എടുത്തത്.
നേതൃത്വം വിലക്കി രാഹുൽ വാർത്താ സമ്മേളനം റദ്ദാക്കി
അടൂർ: പാർട്ടി നേതൃത്വം വിലക്കിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം റദ്ദാക്കി. മൂന്നുദിവസമായി വീട്ടിൽ തുടരുന്ന രാഹുൽ, ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളെ കാണാനാണ് തീരുമാനിച്ചത്. വൈകീട്ട് 3.30ഓടെ മാദ്ധ്യമ പ്രവർത്തകർ അടൂർ നെല്ലിമുകളിലെ വീട്ടിലെത്തിയെങ്കിലും ഒന്നര മണിക്കൂറിനുശേഷം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരിക്കാനും ചില തെളിവുകൾ പുറത്തുവിടാനും ലക്ഷ്യമിട്ടായിരുന്നു വാർത്താസമ്മേളനം വിളിച്ചതെന്നാണ് സൂചന. ഇതിനിടെ പാർട്ടി നേതൃത്വം ഇടപെടുകയും കൂടുതൽ വിശദീകരിക്കേണ്ടതില്ലെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തന്റെ ഭാഗം പറയാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും തൽക്കാലം വേണ്ടെന്ന കർശന നിലപാട് മുതിർന്ന നേതാവ് അറിയിച്ചു.