ക്ഷേത്രപരിസരങ്ങളിൽ രാഷ്ട്രീയം പാടില്ല, ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ക്ഷേത്രപരിസരങ്ങളും പരിപാടികളും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് നിർദ്ദേശം നൽകി. ദേവസ്വങ്ങളുടെ നിയന്ത്രണത്തിലുള്ളതും അവയുടെ അധികാരപരിധിയിലുള്ളതുമായ എല്ലാ ക്ഷേത്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. മാർഗനിർദ്ദേശം ബോർഡുകൾ എല്ലാ ക്ഷേത്രങ്ങൾക്കും നൽകണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബൈഞ്ച് ഉത്തരവിട്ടു.
ക്ഷേത്രങ്ങളിലെ ആചാരങ്ങളും പൂജകളുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകാനാണ് ബോർഡുകൾക്ക് അധികാരമുള്ളതെന്നും ഉത്സവ പരിപാടികളടക്കം ട്രസ്റ്റികളുടെ നിയന്ത്രണത്തിലാണെന്നുമാണ് ദേവസ്വം ബോർഡുകൾ വ്യക്തമാക്കിയത്. ഈ വാദങ്ങൾ തള്ളിയാണ് ഉത്തരവ്.
ആരാധനാലയ പരിസരം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് മതസ്ഥാപന ദുരുപയോഗം തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ മുഖേന വിലക്കിയിട്ടുണ്ട്. ഇതു നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങൽ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിന് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" നാടകം അവതരിപ്പിച്ചതും 11ന് ഗായകൻ അലോഷി വിപ്ലവഗാനങ്ങൾ പാടിയതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിലെ മണ്ഡപത്തിൽ ഏപ്രിൽ 27 ന് നടന്ന വിവാഹത്തിനിടെ എസ്.എഫ്.ഐക്കു വേണ്ടി മുദ്രാവാക്യം വിളിച്ചതും കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം പാടിയതും ഉന്നയിച്ചിരുന്നു. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്ത ക്ഷേത്രങ്ങൾക്കും നിയമം ബാധകമാണെന്ന് ഹർജിക്കാരൻ വാദിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏപ്രിൽ 3ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് എല്ലായിടത്തും ബാധകമാണെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
നിയമലംഘനം ഉടൻ
റിപ്പോർട്ട് ചെയ്യണം
ക്ഷേത്രപരിപാടികൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദേവസ്വം ഉദ്യോഗസ്ഥർ നിയമപാലകരെ അറിയിച്ച് നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്ത അമ്പലങ്ങളിലും നിരീക്ഷണമുണ്ടാകണം.