ആരോഗ്യം ആനന്ദം: പരിശോധനയ്ക്ക് വിധേയരായത് രണ്ട് ലക്ഷം പേർ

Sunday 24 August 2025 12:09 AM IST

മലപ്പുറം: സ്ത്രീകളിലെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന പേരിലുള്ള കാൻസർ പ്രതിരോധ കാമ്പെയിനിലൂടെ ജില്ലയിൽ പരിശോധനയ്ക്ക് വിധേയരായത് രണ്ട് ലക്ഷം പേർ. 1.68 ലക്ഷം സ്ത്രീകളും 32,126 പുരുഷന്മാരുമാണ് പരിശോധനയ്ക്ക് വിധേയരായത്. 36 പേർക്കാണ് സ്തനാർബുദം സ്ഥിരീകരിച്ചത്. 16 പേർക്ക് ഗർഭാശയ കാൻസറും സ്ഥിരീകരിച്ചു. 15 പേർക്ക് വായിലെ കാൻസറും മൂന്ന് പേർക്ക് വൻകുടലിൽ കാൻസറും കണ്ടെത്തി. കാൻസർ ലക്ഷണങ്ങൾ സംശയിക്കപ്പെട്ട 1.22 ലക്ഷം പേർ സ്തനാർബുദ പരിശോധന നടത്തി. കൂടാതെ, 1.34 ലക്ഷം പേർ ഗർഭാശ കാൻസർ പരിശോധനയും നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിലാണ്. ഫെബ്രുവരി നാല് മുതലാണ് കാമ്പെയിൻ ആരംഭിച്ചത്. ശൈലീ ആപ്പ് സർവേയിലൂടെ രോഗസാദ്ധ്യത കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരും തുടർ പരിശോധനയ്ക്ക് വിധേയരാവാത്ത സാഹചര്യത്തിലാണ് 30 മുതൽ 65 വയസ് വരെയുള്ളവരെ കാൻസർ പരിശോധനയ്ക്ക് വിധേയരാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യം ആനന്ദം കാമ്പെയിൻ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച കാമ്പെയിൻ രണ്ടാം ഘട്ടത്തിൽ പുരുഷന്മാരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ട ശൈലീ ആപ് സർവേയിലൂടെ സംസ്ഥാനത്ത് ഒമ്പത് ലക്ഷത്തോളം സ്ത്രീകൾക്ക് അർബുദ സാദ്ധ്യത കണ്ടെത്തിയെങ്കിലും 1.5 ലക്ഷം പേർ മാത്രമാണ് തുടർ പരിശോധനയ്ക്ക് വിധേയമായത്. ഈ സാഹചര്യത്തിൽ 30 വയസ്സുമുതൽ 65വരെയുള്ള എല്ലാ സ്ത്രീകളെയും അർബുദ പരിശോധനയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പെയിൻ ആരംഭിച്ചത്.

പരിശോധനയ്ക്ക് വിധേയരായവർ - 2 ലക്ഷം സ്തനാർബുദം സ്ഥിരീകരിച്ചവർ - 36 ഗർഭാശയ കാൻസർ സ്ഥിരീകരിച്ചവർ- 16 വായിലെ കാൻസർ സ്ഥിരീകരിച്ചവർ - 15 വൻകുടലിലെ കാൻസർ സ്ഥിരീകരിച്ചവർ - 3