കരിയാട്ടം കളറാക്കാൻ കോന്നി ഒരുങ്ങുന്നു : ആഘോഷത്തിന്റെ ചിന്നംവിളി 30ന് ഉയരും

Sunday 24 August 2025 12:22 AM IST

കോന്നി : കോന്നിയുടെ മണ്ണിൽ കൊമ്പന്റെ തലയെടുപ്പോടെ വീണ്ടും എത്തുന്ന കരിയാട്ടത്തെ ആർപ്പുവിളികളോടെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ഓണക്കാലത്ത് ആഘോഷത്തിന്റെ ചിന്നംവിളി ഉയർത്തി 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം ടൂറിസം എക്സ്പോ നടക്കുന്നത്. കോന്നിയുടെ ചരിത്രത്തോടും ഐതിഹ്യത്തോടും ചേർന്നു നിൽക്കുന്ന സാംസ്കാരിക ഉത്സവമാണ് കരിയാട്ടം. കോന്നിയുടെ സൗന്ദര്യത്തെ ലോകത്തിന് പരിചയപ്പെടുത്താനും ടൂറിസത്തിലൂടെ നാടിന്റെ വികസന സാദ്ധ്യതകൾ ഉറപ്പാക്കാനും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ 2023 ലാണ് കോന്നി കരിയാട്ടം ടൂറിസം എക്സ്പോയ്ക്ക് തുടക്കം കുറിച്ചത്. കോന്നിയുടെ വികസന സാദ്ധ്യതകളെ ജനപങ്കാളിത്തത്തോടെ കണ്ടെത്തി ഇതിലൂടെ നാടിന്റെ വികസനം ഉറപ്പാക്കുന്ന നിരവധി പരിപാടികൾ കരിയാട്ടത്തിന് അനുബന്ധമായി നടക്കുന്നുണ്ട്. 2023ൽ കരിയാട്ടത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് കോന്നിയിൽ എത്തിയത്. കുട്ടവഞ്ചി സവാരി, പഞ്ചാരിമേളം, തൊഴിൽ മേള, വിവിധ സെമിനാറുകൾ തുടങ്ങി നിരവധി അനുബന്ധ പരിപാടികളാണ് അന്ന് നടന്നത്. കഴിഞ്ഞവർഷം പ്രകൃതി ദുരന്തങ്ങളെ തുടർന്ന് കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ കരിയാട്ടത്തിന്റെ ഭാഗമാകാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ കോന്നിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷകണക്കിന് ആളുകൾ എത്തുമ്പോൾ അവരെ ഉൾക്കൊള്ളാൻ കഴിയുന്ന നിലയിൽ കോന്നി മാറിയിട്ടുണ്ട്. കരിയാട്ടം നടക്കുന്ന കെ.എസ്.ആർ.ടി.സി മൈതാനം ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചു. പതിനായിരക്കണക്കിനാളുകൾക്ക് കലാപരിപാടി വീക്ഷിക്കാനുള്ള സൗകര്യമാണ് ഇവിടെ തയ്യാറാക്കുന്നത്. കോന്നിയിലെ പ്രധാന പാത ഹൈവേ നിലവാരത്തിലേക്ക് മാറിയതിനാൽ കരിയാട്ട സംഘാടനം കൂടുതൽ എളുപ്പമാകും. പരിസരപ്രദേശത്തെ എല്ലാ റോഡുകളും ആധുനിക നിലവാരത്തിൽ വികസിപ്പിച്ചതിനാൽ ഗതാഗത ക്രമീകരണങ്ങളെല്ലാം സുഗമമാകും.

തൃശൂർ പൂരവും പുലികളിയും പോലെ കോന്നിയുടെ സാംസ്കാരിക പൈതൃകം പേറുന്ന കരിയാട്ടം ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സിത്താര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ ,പ്രസീത ചാലക്കുടി, വൈക്കം വിജയലക്ഷ്മി ഉൾപ്പടെ നിരവധി പ്രമുഖർ ഇത്തവണ കോന്നിയിലെത്തും.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

(സംഘാടക സമിതി ചെയർമാൻ)