ഉത്രാടം തിരുനാൾ ജലോത്സവ ലോഗോ പ്രകാശനം ചെയ്തു, ആറൻമുളയ്ക്ക് ആവേശമായി സുരേഷ് ഗോപി
കോഴഞ്ചേരി : ചെറുകോൽകരയുടെ ജലോത്സവത്തിന് നിറം പകരാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആറൻമുള വള്ളസദ്യയിൽ പങ്കാളിയായി. സെപ്തംബർ 4 ന് നടക്കുന്ന ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം അദ്ദേഹം നിർവഹിച്ചു. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ ജലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന ട്രോഫികൾ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സമർപ്പിച്ച് സുരേഷ് ഗോപി സംഘാടകരായ ചെറുകോൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾക്ക് കൈമാറി. കരയോഗം പ്രസിഡന്റ് സി.കെ.ഹരിശ്ചന്ദ്രൻ, സെക്രട്ടറി സനൽകുമാർ എന്നിവർ ട്രോഫി ഏറ്റുവാങ്ങി. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ സെക്രട്ടറി രാജേഷ് കുമാർ പങ്കെടുത്തു. രാവിലെ സുരേഷ് ഗോപി ചെറുകോൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി. തുടർന്ന് വഞ്ചിപ്പാട്ട് പാടി കരക്കാർ ആചാരപരമായി സ്വീകരിച്ചു. വള്ളപ്പുരക്കടവിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഉത്രാടം നാളിൽ ചെറുകോൽ നെട്ടായത്തിൽ നടക്കുന്ന ജലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി. ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ഫൗണ്ടേഷൻ ട്രസ്റ്റി രാജേന്ദ്രൻ വെള്ളപ്പാലത്ത് , സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ വൈസ് ചെയർ പേഴ്സൺ ദേവി മോഹൻ , കേരള പ്രവാസി സംഘം പ്രസിഡന്റ് അശ്വനി നമ്പാറത്ത് , ചെറുകോൽ എൻ എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് ഇ.എസ്.ഹരികുമാർ ജോയിന്റ് സെക്രട്ടറി കെ.ബി ശശികുമാർ , ഖജാൻജി സദാശിവൻ നായർ ,പള്ളിയോട പ്രതിനിധികളായ ജി.ശ്രീകുമാർ ,രത്നാകരൻ നായർ, ക്യാപ്ടൻ ജ്യോതിഷ്.എം.കെ , പബ്ളിസിറ്റി കൺവീനർ കെ.അജികുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വള്ളപ്പുര കടവിലെത്തി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ചെറുകോൽ ,പുല്ലൂപ്രം പള്ളിയോടങ്ങൾക്ക് വെറ്റ, പുകയില സമർപ്പിച്ച ശേഷം ആറന്മുളയിലെത്തി വള്ളസദ്യയും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഉത്രാടം തിരുനാൾ ജലമേളയിൽ 15 പള്ളിയോടങ്ങൾ പങ്കെടുക്കും.