'സർ, ഇരവിപുരം ആർ.ഒ.ബി വേഗത്തിലാക്കണം'  മന്ത്രിയോട് സങ്കടം പങ്കുവച്ച് വൈശാഖും ഷെഹബാസും

Sunday 24 August 2025 12:39 AM IST

കൊല്ലം: ഇരവിപുരം ആർ.ഒ.ബിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാലിനോട് നേരിൽ ആവശ്യപ്പെട്ട് കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ വൈശാഖും ഷെഹബാസും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്നേഹാദരവ് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് കൊല്ലം ടൗൺ ഹാളിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം.

സ്കൂളിലെ എസ്.പി.സി കേഡറ്റുകളായ വൈശാഖും ഷെഹബാസും ചടങ്ങ് വിജയിപ്പിക്കാൻ വോളണ്ടിയർമാരായി എത്തിയതായിരുന്നു. മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വൈശാഖും ഷെഹബാസും പിന്നാലെ കൂടി. വൈശാഖിന്റെ സാർ.. വിളി കേട്ട് മന്ത്രി തിരിഞ്ഞുനോക്കി. മന്ത്രിയെ മുന്നിൽ കിട്ടിയതോടെ വൈശാഖും ഷെഹബാസും തങ്ങളുടെ പരാതി പറഞ്ഞുതുടങ്ങി.

രണ്ട് മിടുക്കന്മാരുടെയും ആവശ്യം കേട്ട് മന്ത്രി ചിരിച്ചു. അടുത്തിടെയും കിഫ്ബിയിൽ നിന്ന് പാലം നിർമ്മാണത്തിനുള്ള പണം കൊടുത്തിരുന്നു. എത്രയും വേഗം പൂർത്തിയാക്കാൻ പറയാമെന്ന് പറഞ്ഞ്, ഇരുവരുടെയും തോളിൽ തട്ടി അഭിനന്ദിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

സ്കൂളിലെത്താൻ 20 മിനിറ്റ് ലേറ്റ്

'സർ, എല്ലാദിവസവും സ്കൂളിൽ ലേറ്റായാണ് എത്തുന്നത്. ഇരവിപുരം ആർ.ഒ.ബിയുടെ നിർമ്മാണം നടക്കുന്നതിനാൽ ഇടറോഡ് വഴി ചുറ്റിക്കറങ്ങിയാണ് ബസ് വരുന്നത്. ഭരണിക്കാവ് എത്തുമ്പോൾ വീണ്ടും ഗേറ്റിന് മുന്നിൽ കുടുങ്ങും. എല്ലാദിവസവും ഇരുപത് മിനിറ്റ് വരെ നഷ്ടമാകും. സർ, ഇരവിപുരം ആർ.ഒ.ബിയുടെ നിർമ്മാണമൊന്ന് വേഗത്തിലാക്കണം.