കൂട്ടാളിയെ കാണിക്കാനെത്തിയ പ്രതി കിണറ്റിൽ ചാടി
എഴുകോൺ: ഓൺ ലൈൻ തട്ടിപ്പ് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് കിണറ്റിൽ ചാടി. ഫയർഫോഴ്സ് എത്തി രക്ഷിച്ചു. എഴുകോൺ വി.കെ.എം ക്ലബിന് സമീപം വെള്ളിയാഴ്ച രാത്രി 11.45 നാണ് സംഭവം.
കൊടുങ്ങല്ലൂർ പൊലീസെടുത്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റിൽ ചാടിയത്. കൂട്ടുപ്രതി എഴുകോൺ ഇരുമ്പനങ്ങാട് പ്രദേശത്ത് ഉണ്ടെന്നറിഞ്ഞാണ് കൊടുങ്ങല്ലൂർ പൊലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താൻ പാതിരാത്രി ഇരുമ്പനങ്ങാട് എത്തിയത്. പ്രതിയുടെ വീട് കാണിക്കാനെന്ന രീതിയിൽ ഇടവഴികളിലൂടെ പൊലീസുമൊത്ത് പോയ ഇയാൾ വെട്ടിച്ചോടി പ്രദേശവാസിയായ ചരുവിള പുത്തൻവീട്ടിൽ സജീവന്റെ കിണറ്റിലേക്ക് ചാടി.
ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് കിണറ്റിൽ ആളെകണ്ടത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് സമീപത്ത് ഇയാളെ തിരയുകയായിരുന്ന പൊലീസും എത്തി. തുടർന്ന് കുണ്ടറയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി പ്രതിയെ കരയ്ക്കെത്തിച്ചു. പരിക്കേറ്റ പ്രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.