ചൊവ്വാഴ്ച മുതൽ വില മൂന്നിരട്ടിയാകും, കേരളത്തിന് മാത്രമല്ല കർണാടകയ്ക്കും ആന്ധ്രയ്ക്കും തമിഴ്നാടിനും തിരിച്ചടി
തൃശൂർ: തമിഴ്‌നാട്ടിലും കർണാടകയിലും ആന്ധ്ര അതിർത്തിയിലുമെല്ലാമുളള പൂക്കൃഷിയിടങ്ങളിൽ മഴ ശക്തമായതോടെ അത്തവിപണിയിൽ പൂക്കളുടെ വില കൈ പൊള്ളിക്കും. ചൊവ്വാഴ്ച അത്തം പിറക്കാനിരിക്കെ, മൂന്നിരട്ടി വില കൂടുമെന്നാണ് തൃശൂരിലെ പൂക്കച്ചവടക്കാരുടെ കണക്കുകൂട്ടൽ.
കേരളത്തിൽ പ്രാദേശിക പൂക്കൃഷിയും ഈയാണ്ടിൽ ചുരുങ്ങി. കൃഷി ചെയ്ത ഇടങ്ങളിൽ പൂ വിരിഞ്ഞതുമില്ല. ബുധനാഴ്ച വിനായകചതുർത്ഥിയാണ്. അന്ന് മുംബയിലേക്ക് വൻതോതിൽ പൂക്കളുടെ കയറ്റുമതിയുണ്ടാകും. വെള്ളിയാഴ്ച പൂക്കളമത്സരങ്ങളും തുടങ്ങും. ഇതിനിടയിൽ മഴ ശക്തമായാൽ എല്ലാം താളംതെറ്റും. കഴിഞ്ഞ വർഷം പ്രാദേശികമായി കൃഷി വ്യാപകമായി ചെയ്തതിനാൽ പൂക്കൾ സമൃദ്ധമായിരുന്നു. വിലയും കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഓണത്തിനുശേഷമാണ് ചിലയിടങ്ങളിൽ ചെണ്ടുമല്ലി അടക്കം വിരിഞ്ഞത്. അത് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കി.
മഴയിൽ പൂ വിരിയില്ല
ചെണ്ടുമല്ലി അടക്കമുളള ചെടികൾക്ക് നല്ല വെയിൽ വേണം. മഴ പെയ്താൽ പൂ വിരിയില്ല. കഴിഞ്ഞ മൂന്നു മാസമായി ദക്ഷിണേന്ത്യയിൽ പരക്കേ മഴയുണ്ട്. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ മഴ കൂടി. കലാലയങ്ങളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലുമെല്ലാമുള്ള ഓണാഘോഷങ്ങളാണ് പൂവിപണിയെ സജീവമാക്കുന്നത്. പക്ഷേ, പൂക്കൾ കിട്ടാനില്ലാതെ വരികയും വൻ വിലക്കയറ്റമുണ്ടാകുകയും ചെയ്താൽ ആഘോഷങ്ങൾക്കും മാറ്റു കുറയും.
പൂക്കൃഷിയിൽ കുറവ്: 60 ശതമാനം
ചെണ്ടുമല്ലി (കഴിഞ്ഞ ഓണത്തിന്): 50 രൂപ
ഈ ഓണത്തിന് പ്രതീക്ഷിക്കുന്നത്: 100 - 150
ഇന്നലത്തെ വില
വെള്ള ജമന്തി:150
വാടാർമല്ലി: 150
ചെണ്ടുമല്ലി കേരളത്തിലേക്ക് മാത്രം
ചെണ്ടുമല്ലി കേരളത്തിലേക്ക് മാത്രം കയറ്റി അയയ്ക്കാനാണ് തമിഴ്‌നാട്ടിലും കർണാടകയിലും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം കേരളത്തിലും പൂക്കൃഷി വ്യാപകമായിരുന്നതിനാൽ ഈയാണ്ടിൽ ലാഭം കിട്ടില്ലെന്ന് കരുതി അവർ കൃഷി ചെയ്തില്ല. ചിക്കമംഗ്‌ളുരു, ഡിണ്ടിഗൽ, നിലക്കോട്ട, ആന്ധ്രയിലെ കുപ്പം, കൃഷ്ണഗിരി, ഹൊസൂർ, മൈസൂർ, മാണ്ഡ്യ, സത്യമംഗലം എന്നിവിടങ്ങളിലാണ് കൃഷിയുളളത്. എന്നാൽ മഴ കാരണം പലയിടങ്ങളിലും മൊട്ടിട്ട നിലയിലാണ്. തൃശൂരിലെ കർഷകരും അവിടെ കൃഷിയിറക്കാറുണ്ട്.
അയൽ സംസ്ഥാനങ്ങളിലും കേരളത്തിലും ഒരു പോലെ പൂക്കൃഷി കുറഞ്ഞത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഓണത്തിന് വില മൂന്നിരട്ടിയെങ്കിലും കൂടുമെന്നാണ് പ്രാഥമിക നിഗമനം.
-ജഗജീവൻ യവനിക, ജില്ലാ പ്രസിഡന്റ്,
ഓൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോസിയേഷൻ