യു.എസ് ഓപ്പണിന് ഇന്ന് തുടക്കം
ന്യൂയോർക്ക്: ഈ സീസണിലെ അവസാന ഗ്രാൻസ്ലാ ടെന്നിസ് ടൂർണമെന്റായ യു.എസ് ഓപ്പണിന് ഇന്ന് കോർട്ടുണരും. ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ഗ്രാൻസ്ലാം ടൂർണമെന്റായ യു.എസ് ഓപ്പണിന്റെ 146-ാം പതിപ്പിനാണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകുന്നത്. ഇറ്റാലിയൻ സൂപ്പർ താരം യാന്നിക് സിന്നറാണ് നിലവിലെ പുരുഷ സിംഗിൾസ് ചാമ്പ്യൻ. ബെലറൂസിന്റെ അരീന സബലേങ്കയാണ് നിലവിലെ വനിതാ ചാമ്പ്യൻ.
നിലവിലെ ചാമ്പ്യൻ സിന്നർ തന്നെയാണ് പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ്. സ്‌പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസ്, ജർമ്മൻതാരം അലക്സാണ്ടർ സ്വരേവ്,യു.എസ് താരം ടെയ്‌ലർ ഫ്രിറ്റ്‌സ്,ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പർ എന്നിവരാണ് 2മുതൽ അഞ്ച് വരെയുള്ള സീഡുകളിൽ. 25-ാം ഗ്രാൻസ്ലാം കിരീടം തേടിയെത്തുന്ന സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് ഏഴാം സീഡാണ്.
നിലവിലെ ചാമ്പ്യൻ സബലേങ്ക, പോളിഷ് വണ്ടർ താരം ഇഗ സ്വിയാറ്റക്, യു.എസ് താരങ്ങളായ കോകോ ഗോഫ്, ജെസിക്ക പെഗുല,റഷ്യൻ താരം മിറ ആൻഡ്രീവ എന്നിവരാണ് വനിതകളിലെ ആദ്യ അഞ്ച് സീഡുകൾ.
രണ്ട് തവണ ചാമ്പ്യനായിട്ടുള്ള യു.എസ് ഉരുക്കുവനിത 45കാരി വീനസ് വില്യംസിന്റെ തിരിച്ചുവരവാണ് ഇത്തവണത്തെ യു.എസ് ഓപ്പണിനെ കൂടുതൽ മനോഹരമാക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയുമായാണ് വീനസിന്റെ വരവ്.
ബമ്പർ പ്രൈസ്
ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ടെന്നിസ് ടൂർണമെന്റാണ് യു.എസ് ഓപ്പൺ. കഴിഞ്ഞ തവണത്തേക്കാൾ ഈ വർഷം സമ്മാനത്തുകയിൽ 20 ശതമാനമാണ് വർദ്ധനവ്. ആകെ 9 കോടി ഡോളർ (ഏകദേശം 786 കോടി രൂപ) സമ്മാനത്തകയായി നൽകും.പുരുഷ വനിതാ സിംഗിൾസ് ചാമ്പ്യൻമാർക്ക് 50 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 44 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കുക.