'എഴുതിനൽകിയ പരാതിയില്ല'; രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും പരാതി വന്നാൽ പാർട്ടി ഗൗരവത്തിൽ കെെകാര്യം ചെയ്യുമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിനുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
'എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാൽ പാർട്ടി അതനുസരിച്ച് ഗൗരവത്തിൽ കാര്യങ്ങൾ കെെകാര്യം ചെയ്യും. ഇപ്പോൾ പരാതി എഴുതിത്തന്നിട്ടില്ല. എഴുതിനൽകിയ പരാതി ഇല്ലാത്തിടത്തോളം ഒരു എംഎൽഎയെ കൊണ്ട് രാജിവയ്പ്പിക്കാൻ സാധിക്കില്ല. ഇപ്പോൾ അങ്ങനെ ഒരു തീരുമാനം പാർട്ടിയുടെ മുന്നിലില്ല. എഴുതി നൽകിയ പരാതി ഇല്ലാത്ത സാഹചര്യത്തിൽ എംഎൽഎയെ രാജിവയ്പ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി സൂചിപ്പിച്ചിരിക്കുന്നത്',- മുരളീധരൻ പറഞ്ഞു.
രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെയും യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിന്റെയും തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തുലാസിലായി. പാർട്ടിയാണ് വലുത്. ക്ലീൻ ഇമേജുമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് കിട്ടിയത്. പിന്നാലെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചത് രാഹുലിനെ പാർട്ടി കൈവിടുന്നതിന്റെ സൂചനയാണ്. രാഹുൽ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, രാഹുലിനെതിരെ പാർട്ടിയാണ് നടപടിയെടുക്കേണ്ടതെന്ന് സ്‌പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഷംസീർ ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ജനപ്രതിനിധികൾ പാലിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.