പത്തുവർഷമായി ലോട്ടറിയെടുക്കുന്നു, ഒടുവിൽ ഭാഗ്യം കടാക്ഷിച്ചു; പ്രവാസിക്ക് ലഭിക്കുന്ന തുക എത്രയെന്നോ?
അബുദാബി: രണ്ട് പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന മലയാളിയെ തേടിയെത്തിയത് ദശലക്ഷങ്ങളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിലാണ് കണ്ണൂർ സ്വദേശിയായ 55കാരൻ പ്രദീപ് ചലതൻ വിജയിയായിരിക്കുന്നത്. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദുബായിലെ ആർക്കിടെക്‌ചറൽ കൺസൾട്ടൻസി സ്ഥാപനത്തിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുകയാണ് പ്രദീപ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് പ്രദീപിന്റെ തലവര മാറിയത്. ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. 512 സീരീസിലെ 2747 നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.
ഓൺലൈനിലൂടെയായിരുന്നു പ്രദീപ് ടിക്കറ്റ് വാങ്ങിയത്. ഒരു സഹപ്രവർത്തകനൊപ്പം ചേർന്നാണ് പ്രദീപ് ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചാൽ പ്രദീപിന് 75 ശതമാനവും സുഹൃത്തിന് 25 ശതമാനവും എന്നായിരുന്നു വ്യവസ്ഥ. ഒന്നാം സമ്മാനത്തിന് അർഹനായെന്നുള്ള കോൾ ലഭിച്ചപ്പോൾ പ്രാങ്ക് കോൾ ആണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദീപ് പറയുന്നു. കഴിഞ്ഞ പത്തുവർഷമായി പ്രദീപ് ടിക്കറ്റ് വാങ്ങുന്നുണ്ട്, ഭാഗ്യം കടാക്ഷിച്ചത് ഇക്കൊല്ലവും. 50,000 ദിർഹമാണ് ഇക്കാലയളവിൽ ടിക്കറ്റ് വാങ്ങുന്നതിനായി പ്രദീപ് ചെലവഴിച്ചത്. ചിലപ്പോൾ ഒറ്റയ്ക്കും മറ്റുചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും ചേർന്നായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്.
പ്രദീപിന്റെ ഭാര്യയും രണ്ട് മക്കളും കണ്ണൂരിൽ തന്നെയാണ് താമസം. മകന് 15 വയസും മകൾക്ക് 12 വയസുമാണ്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ സമ്മാനത്തുക വിനിയോഗിക്കുമെന്നാണ് പ്രദീപ് പറയുന്നത്. നറുക്കെടുപ്പിൽ വിജയിയായെങ്കിലും ദുബായിലെ ജോലി ഉപേക്ഷിക്കില്ലെന്നും പ്രദീപ് വ്യക്തമാക്കി.