ഷെയറിടാതെ അടിക്കാം, കൊല്ലത്ത് വിളിപ്പുറത്തെത്തും മൊബൈൽ ബാർ, പക്ഷേ വിളിച്ചാൽ പണികിട്ടും

Sunday 24 August 2025 12:12 PM IST

കൊല്ലം: ദുരന്ത സാദ്ധ്യത സൃഷ്ടിച്ച് ടിലോയുടെയും ഫ്രൂട്ടിയുടെയും കുപ്പികളിലുള്ള വ്യാജമദ്യ വില്പന ജില്ലയിൽ വ്യാപകമാകുന്നു. ഓട്ടോറിക്ഷകളിലും സ്കൂട്ടറുകളിലും കറങ്ങിനടന്നാണ് വില്പന. വിളിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മദ്യം കൈയിലെത്തിക്കുന്ന സംഘം ജില്ലയിൽ സജീവമാണ്.

ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ നിന്ന് വലിയ അളവിൽ മദ്യം വാങ്ങി ചെറിയ കുപ്പികളിലാക്കിയാണ് വില്പന നടത്തുന്നത്. ഔട്ട്ലെറ്റുകളിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർ, അതിരാവിലെ തന്നെ മദ്യം ആവശ്യമുള്ളവർ, ഫുള്ളോ പൈന്റോ എടുക്കാനുള്ള കാശില്ലാത്തവർ തുടങ്ങിയവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. നാട്ടിൻപുറങ്ങൾക്ക് പുറമേ നഗരത്തിലെ ഉൾപ്രദേശങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വലിയളവിൽ മദ്യം ഇവർ വാഹനങ്ങളിൽ സൂക്ഷിക്കാറില്ല. ചെറിയ കുപ്പികളിൽ രഹസ്യസ്ഥലങ്ങളിൽ സൂക്ഷിക്കുന്ന മദ്യം ആവശ്യം വരുമ്പോൾ മാത്രമേ എടുക്കാറുള്ളു.

 200 മുതൽ 300 രൂപയ്ക്ക് വരെയാണ് ടിലോ, ഫ്രൂട്ടി കുപ്പികളിലെ മദ്യവില്പന. അതിനാൽ ഷെയറിടാൻ ആളരെ തിരയേണ്ട എന്നതാണ് ഈ അനധികൃത വിൽപനയെ പ്രോത്സാഹിപ്പിക്കുന്നത്

 കൂടുതലായി വിൽക്കുന്നത് സെലിബ്രേഷൻ, ജവാൻ ബ്രാൻഡുകൾ

 ലാഭത്തിനായി നേരിയളവിൽ വെള്ളവും ചേർക്കും

 കച്ചവടം അതിരാവിലെ തുടങ്ങും  രാത്രി ഏറെ വൈകിയും ലഭിക്കും  കൂടുതലായും വില കുറഞ്ഞ ബ്രാൻഡുകൾ

 ഇടപാട് വിശ്വസ്തരുമായി മാത്രം

വില്പന 200 രൂപ മുതൽ

ലേബലും ഹോളോഗ്രാം മുദ്ര‌യുമില്ലാത്ത കുപ്പികളിൽ മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും അബ്കാരി ആക്ട് പ്രകാരം കുറ്റകരമാണ്. ഇത്തരം നിരവധി കേസുകൾ സമീപകാലത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.