ചെതേശ്വർ  പൂജാര  വിരമിച്ചു, വിടപറയുന്നത് ഇന്ത്യയുടെ വിശ്വസ്‌തനായ ടെസ്റ്റ് ബാറ്റർ

Sunday 24 August 2025 12:16 PM IST

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് ചെതേശ്വർ പൂജാര. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് പ്രഖ്യാപനം. 2023 ജൂണിൽ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് പ്രകടനം.

"ഇന്ത്യൻ ജേഴ്‌സി ധരിച്ച്, ദേശീയഗാനം ആലപിച്ചുകൊണ്ട് ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമാണ്., എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ, ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും നന്ദിയോടെ വിരമിക്കാൻ തീരുമാനിച്ചു," ദീർഘമായ കുറിപ്പിൽ അദ്ദേഹം എക്സിൽ കുറിച്ചു.

37കാരനായ രാജ്‌ക്കോട്ട് സ്വദേശി പൂജാര 2010ലാണ് ആദ്യമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. 103 ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചു. 19 സെഞ്ച്വറികളും 35 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം ടെസ്റ്റിൽ നേടിയത്.

തന്റെ ആകെ ടെസ്റ്റ് നേട്ടത്തിന്റെ 3839 റൺസാണ് അദ്ദേഹം ഹോംഗ്രൗണ്ടിൽ നേടിയത്. ഒരു പതിറ്റാണ്ടിലേറെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ മൂന്നാം നമ്പർ താരമായിട്ട് സ്വദേശത്തും വിദേശത്തും ടീമിന്റെ പ്രധാനപ്പെട്ട എല്ലാ ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം നിലകൊണ്ടു.