മുംബയിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് രോഹിത് ശർമ്മയും, ആരാധകർക്ക് നേരെ കൈകാണിച്ചു; വീഡിയോ

Sunday 24 August 2025 1:12 PM IST

മുംബയ്: മുംബയിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുകയാണ്. ആഡംബര വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന രോഹിത് വീഡിയോ പകർത്തിയ ആരാധകന് നേരെ തംസ് അപ് കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് അടുത്തതായി രോഹിത് ശർമ്മ ഇന്ത്യൻ കുപ്പായം അണിയാൻ സാധ്യത. ഈ പരമ്പരയ്ക്ക് ശേഷം രോഹിതും വിരാടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ലണ്ടനിലെ ലോർഡ്‌സ് മൈതാനത്ത് ദിവസവും രണ്ട് മണിക്കൂർ വീതം വിരാട് കൊഹ്‌ലി പരിശീലനം നടത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം 2027ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ പങ്കെടുക്കുമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം. 'രോഹിത് ശർമ്മയ്ക്ക് 38 വയസായി, ഇപ്പോഴും ഏകദിന ക്യാപ്റ്റനാണ്. 2027 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്നും അതിനുശേഷം ഗിൽ നായകസ്ഥാനം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കുന്നു'. കൈഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.