'രാഹുലുമായി ബന്ധപ്പെട്ട വിഷയം ഗൗരവം നിറഞ്ഞത്, വൈകാതെ പാർട്ടിയുടെ തീരുമാനം അറിയിക്കും'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ ഗൗരവം നിറഞ്ഞതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രശ്നം വന്ന് 24 മണിക്കൂറിനകം രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചെന്നും മറ്റുളള തീരുമാനം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളെ കണ്ടതിനു ശേഷമായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.
'വളരെ ഗൗരവകരമായ വിഷയമാണിത്. അത് കോൺഗ്രസ് മനസിലാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ നടപടി പാര്‍ട്ടി 24 മണിക്കൂറിനകം എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹം രാജി വച്ചു. പിന്നീടും ചില കാര്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പാര്‍ട്ടിയുടെ തീരുമാനം അറിയിക്കും'- വേണുഗോപാൽ പറഞ്ഞു.
ഒരുരീതിയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ട്രാൻസ്ജെൻഡറും സുഹൃത്തുമായ അവന്തികയുമായുളള ചാറ്റ് വിവരങ്ങളും രാഹുൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചിരുന്നു. തന്നെ സ്‌നേഹിക്കുന്നവർ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. എംഎൽഎ പദവിയിൽ നിന്ന് രാജി വയ്ക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല.