ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി അഖില്‍ സ്‌കറിയ; ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്

Sunday 24 August 2025 7:27 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വീണ്ടും തോല്‍വി. കാലിക്കറ്റ് ഗ്ലോബ്‌സറ്റര്‍സ് ഏഴ് വിക്കറ്റിനാണ് റോയല്‍സിനെ പരാജയപ്പെടുത്തിയത്. ട്രിവാന്‍ഡ്രം റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെയാണ് കാലിക്കറ്റ് മറികടന്നത്. അര്‍ദ്ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത അഖില്‍ സ്‌കറിയയുടെ ഓള്‍റൗണ്ട് പ്രകടനമാണ് കാലിക്കറ്റിന് ജയമൊരുക്കിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് റോയല്‍സിന്റെ രണ്ടാമത്തെ തോല്‍വിയാണിത്.

174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റിന് ക്യാപ്റ്റന്‍ റോഹന്‍ കുന്നുമലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത് 12(6) റണ്‍സ് നേടിയ കുന്നുമലിനെ വിനില്‍ ടിഎസ് ക്ലീന്‍ ബൗള്‍ഡാക്കി. വിക്കറ്റ് കീപ്പര്‍ സച്ചിന്‍ സുരേഷ് 28(32), എം. അജ്‌നാസ് 5(12) എന്നിവരുടെ വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 106 റണ്‍സ് അടിച്ചെടുത്ത അഖില്‍ സ്‌കറിയ 68*(32), സല്‍മാന്‍ നിസാര്‍ 51*(34) സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചു. റോയല്‍സിനായി അജിത് വാസുദേവന്‍ രണ്ട് വിക്കറ്റും വിനില്‍ ടിഎസ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ്, ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ അര്‍ദ്ധ സെഞ്ച്വറി 78(54) മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ സുബിന്‍ സെ് 23(12), റിയാ ബഷീര്‍ 13(16), അബ്ദുള്‍ ബാസിത് 24(22) എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്‌കോറുകള്‍. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മോനു കൃഷ്ണ രണ്ട് വിക്കറ്റുകളും മനു കൃഷ്ണന്‍ ഒരു വിക്കറ്റും വീഴ്ത്തി.