അങ്കണവാടികൾക്ക് ചെലവ് താങ്ങാനാകുന്നില്ല വിളമ്പാനാവാതെ 'ബിർണാണി"
കോഴിക്കോട്: ഉച്ചയ്ക്ക് ബിരിയാണി.. രാവിലെ ന്യൂട്രി ലഡു... വെെകീട്ട് പായസം അങ്കണവാടികളിൽ പുതുക്കിയ മെനു വിളമ്പുമെന്ന വനിതാ ശിശുവികസന മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം വെള്ളത്തിൽ. വൈവിദ്ധ്യമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ജൂണിൽ മെനു പരിഷ്കരിച്ചെങ്കിലും മൂന്ന് മാസമായി നടപ്പിലായിട്ടില്ല. ഭാരിച്ച ചെലവ് മൂലം നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും സാധനങ്ങളും വാങ്ങാൻ ജീവനക്കാര്‍ നെട്ടോട്ടമോടുകയാണ്. പ്രവേശനോത്സവ ദിവസം രക്ഷിതാക്കളുൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ ബിരിയാണി നൽകിയെങ്കിലും പിന്നീട് കുട്ടികൾക്ക് ബിരിയാണി നൽകാനായില്ല. ചില അങ്കണവാടികളിൽ പ്രവേശനോത്സവദിവസം പോലും ബിരിയാണി നൽകിയിട്ടില്ല.
അരി പുഴുങ്ങിയാൽ ബിരിയാണിയാകുമോ?
അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി 'ബിർണാണി" വേണമെന്ന് നാല് വയസുകാരൻ ശങ്കു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം രുചികരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ ജൂണിൽ മന്ത്രി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. പാല്‍, പിടി, കൊഴുക്കട്ട / ഇലയട, വിവിധ തരത്തിലുള്ള പായസങ്ങൾ, ഫ്രൂട്ട് കപ്പ്,
സോയ ഡ്രൈ ഫ്രൈ, മുളപ്പിച്ച ചെറുപയര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ പുതുക്കിയ മെനു ഇതുവരെ നടപ്പിലായിട്ടില്ല. ബിരിയാണി കൊടുക്കാനുള്ള നിര്‍ദേശമോ സാധനങ്ങളോ ഇതുവരെ എത്തിയിട്ടുമില്ല. പിന്നെങ്ങനെ കുട്ടികൾക്ക് ബിരിയാണി വെച്ചുനൽകുമെന്നാണ് അങ്കണവാടി ജീവനക്കാർ ചോദിക്കുന്നത്. റേഷനരി കൊണ്ട് ബിരിയാണി നൽകാൻ പറഞ്ഞെങ്കിലും ചേരുവകളൊന്നും ചേർക്കാതെ നൽകിയാൽ അവ കുഞ്ഞുങ്ങൾ എങ്ങനെയാണ് കഴിക്കുകയെന്നും പുതുക്കിയ മെനുവനുസരിച്ച് സാധനങ്ങൾ വാങ്ങാൻ ഫണ്ടെവിടെയെന്നുമാണ് ജീവനക്കാർ ചോദിക്കുന്നത്. അതേ സമയം രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്നു ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.
ഒരാൾക്ക് 5 രൂപ
സാമ്പാറും ഉപ്പേരിയും ഉൾപ്പടെ മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടെ അഞ്ച് രൂപയാണ് സർക്കാർ ഒരു കുട്ടിയ്ക്ക് നൽകുന്നത്. ഉപ്പു തൊട്ട് കർപ്പൂരം വരേയുള്ള സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ ഇത് തികയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ധാന്യങ്ങൾ അതത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടികളിലേക്ക് നേരിട്ടെത്തിക്കുമെങ്കിലും നാളീകേരം, പച്ചക്കറി, മറ്റ് പൊടികള്‍ എന്നിവ ജീവനക്കാര്‍ വാങ്ങിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് പായസം, ഇലയട, അരിയുണ്ട എന്നിവലയെല്ലാം തയ്യാറാക്കണമെങ്കിൽ തേങ്ങ ആവശ്യമാണ്. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമെല്ലാം പൊള്ളുന്ന വിലയായതിനാൽ ഭീമമായ നഷ്ടം സഹിച്ചാണ് ജീവനക്കാർ സാധനങ്ങൾ വാങ്ങുന്നത്.
മൂന്ന് മാസം കൂടുമ്പോഴാണ് ഈ തുക പഞ്ചായത്തിൽ നിന്നും ലഭിക്കുക. അതും വെെകുന്ന സ്ഥിതിയാണ്. തുച്ഛമായ ഓണറേറിയം കൈപ്പറ്റുന്ന അദ്ധ്യാപകരും ജീവനക്കാരും തങ്ങളുടെ പ്രയാസങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടുമ്പോഴാണ് പുതുക്കിയ മെനു ഇവരെ പ്രയാസത്തിലാഴ്ത്തുന്നത്.