മെഡി. കോളജ് സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം തുറന്നു

Monday 25 August 2025 12:26 AM IST
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പി.​എം.​എ​സ്.​എ​സ്.​വൈ​ ​ബ്ലോ​ക്ക്‌​ ​തു​റ​ന്നു​ ​പ്ര​വ​ർ​ത്തി​ച്ച​പ്പോൾ

കോഴിക്കോട്: തീപ്പിടിത്തത്തെ തുടർന്ന് നാല് മാസമായി അടച്ചിട്ട മെഡി. കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം ഇന്നു മുതൽ തുറന്നു പ്രവർത്തിച്ചു. ഇന്നലെ വൈകിട്ടു നാലു വരെ പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗവും ഒരു പോലെ പ്രവർത്തിച്ചു. പിന്നീട്

പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിൽ മാത്രമാക്കി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നേരത്തെ പഴയ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടർന്ന രോഗികളുടെ ചികിത്സ അവിടെ തന്നെയും പുതിയതായി എത്തിയ രോഗികളെ പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ന് മുതൽ രോഗികളുടെ ചികിത്സ പൂർണ്ണമായും പി.എം.എസ്.എസ്.വൈയിലേക്ക് മാറ്റും. അതേസമയം പഴയ കാഷ്വാലിറ്റിയും അടിയന്തരഘട്ടങ്ങളെ നേരിടാൻ സജ്ജമാണ്. പി.എം.എസ്.എസ്.വൈ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയേറ്ററുകൾ അടങ്ങിയ ഒന്നാം നിലയുമാണ് ഇന്നലെ തുറന്നത്. 27 മുതൽ രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തി കെട്ടിടം തുറക്കാൻ അനുമതി നൽകിയത്.