പ്രവേശന നടപടി ഇഴഞ്ഞിഴഞ്ഞ്: ഗവ. കോളേജുകളിൽ സീറ്റുകൾ കാലി
പ്രശ്നം 4 വർഷ ഡിഗ്രി കോഴ്സുകളിൽ
കോഴിക്കോട്: പ്രവേശന നടപടി ഇഴയുന്നതിനെ തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗവ. കോളേജുകളിലെ നാലുവർഷ ഡിഗ്രി കോഴ്സുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പട്ടികജാതി, പട്ടികവർഗക്കാർ ഉൾപ്പെടെ സംവരണ സീറ്റുകളിലും ഇതാണ് സ്ഥിതി. ജൂൺ ഒന്നിന് തുടങ്ങിയ പ്രവേശന നടപടി ഇപ്പോഴും പൂർത്തിയായിട്ടില്ല. അലോട്ട്മെന്റ് വെെകുന്നതിനെ തുടർന്ന് പല വിദ്യാർത്ഥികളും എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലും സംസ്ഥാനത്തിന് പുറത്തും പ്രവേശനം തേടുകയാണ്. അവിടെ നിന്ന് ടി.സിയും സർട്ടിഫിക്കറ്റും തിരികെ കിട്ടണമെങ്കിൽ മൂന്ന് വർഷത്തെ ഫീസടയ്ക്കണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിന് മടിച്ച് പലരും ഗവ.കോളേജുകളിൽ വെെകിക്കിട്ടുന്ന പ്രവേശനം വേണ്ടെന്നു വയ്ക്കുന്നു. ഇതോടെ അർഹരായവക്കും ഗവ. കോളേജുകളിൽ ഫീസില്ലാതെ പഠിക്കാനാകുന്നില്ല. 10 വര്‍ഷം മുമ്പ് മാന്വലായാണ് പ്രവേശന നടപടി ചെയ്തിരുന്നത്. ഇപ്പോൾ സോഫ്ട് വെയറുണ്ടായിട്ടും വിവിധ അലോട്ട്മെന്‍റുകൾക്കിടയില്‍ രണ്ടാഴ്ചയോളം ഇടവേള വരുന്നു. ജൂലായില്‍ ആദ്യ അലോട്ട്മെന്‍റ് വന്നിട്ടും കോളേജുകളിലെ മുഴുവന്‍ സീറ്റിലും അലോട്ട്മെന്‍റായിട്ടില്ല. കഴിഞ്ഞ 16ന് സപ്ളിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തുടർന്ന് വിദ്യാര്‍ത്ഥികളെ നേരിട്ട് വിളിച്ച് താത്പര്യമാരാഞ്ഞ് അഡ്മിഷന്‍ നടത്താന്‍ കോളേജുകള്‍ക്ക് കിട്ടിയത് ഒരാഴ്ച. നിലവിൽ പ്രവേശനത്തിനുള്ള അവസാനതീയതി 29 ആക്കിയിട്ടുണ്ട്. അപേക്ഷകരില്ലാത്ത ക്വാട്ടകളിൽ അഡ്മിഷന്‍ നടത്താന്‍ രണ്ടോ മൂന്നോ തവണ പത്രപരസ്യവും സ്പോട്ട് രജിസ്ട്രേഷനും നടത്തണം, റാങ്ക് ലിസ്റ്റ് തയ്യാറാക്കണം. 29നുള്ളില്‍ ഇത് പൂർത്തിയാവില്ല.
പ്രവേശന തീയതി നീട്ടണം
കോളേജുകള്‍ക്ക് റാങ്ക് ലിസ്റ്റ് പ്രയോജനപ്പെടുത്താന്‍ പറ്റുന്ന വിധത്തില്‍ പ്രവേശനത്തിന്റെ അവസാനതീയതി സെപ്തംബർ 15 വരെയെങ്കിലും നീട്ടണമെന്ന് ഗവ. കോളേജ് ടീച്ചേഴ്സ് ഓർഗനെെസേഷൻ ആവശ്യപ്പെട്ടു. ഈയാഴ്ച തന്നെ രണ്ടാം സെമസ്റ്റര്‍ ഡിഗ്രി മൂല്യനിര്‍ണ്ണയ ക്യാമ്പിലും നാലാം സെമസ്റ്റര്‍ പി.ജി പുനര്‍മൂല്യനിര്‍ണയക്യാമ്പിലും അഡ്മിഷൻ ചാർജുള്ള അദ്ധ്യാപകര്‍ ഉൾപ്പെടെ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇന്ന് രണ്ടാം സെമസ്റ്റര്‍ പി.ജി. മൂല്യനിര്‍ണ്ണയ ക്യാമ്പുമുണ്ട്. അതിനിടെ അഡ്മിഷന്‍ ചുമതലകള്‍ നിർവഹിക്കാൻ കോളേജുകളിലെ വകുപ്പുകള്‍ക്ക് സാധിക്കാത്ത സ്ഥിതിയുണ്ടാക്കുന്നുവെന്ന് അദ്ധ്യാപകർ പറയുന്നു.
അടിയന്തരസാഹചര്യമില്ലാത്ത മൂല്യനിർണ്ണയ ക്യാമ്പുകൾ ഓണാവധിക്ക് ശേഷമാക്കണം.
പ്രൊഫ. ലിയാഖത്ത് അലി, കോ ഓർഡിനേറ്റർ, കാലിക്കറ്റ് യൂണി.
അലോട്ട്മെന്റിന് ശേഷം 60 ദിവസം വരെ റാങ്ക് ലിസ്റ്റിൽ നിന്ന് കോളേജുകൾക്ക് ഒഴിവുകൾ നികത്താം. സ്പെഷ്യൽ ക്ലാസുകൾ എടുക്കാമെന്ന വ്യവസ്ഥയിൽ തുടർന്നുമാകാം. പ്രവേശന നടപടികൾ ഏകീകൃതമായതിനാൽ ഒരു യൂണിവേഴ്സിറ്റിക്ക് മാത്രം നേരത്തെയാക്കാനാവില്ല. അതിന് സർക്കാർ നയം മാറ്റണം.
ഡോ.ഡിനോജ് സെബാസ്റ്റ്യൻ, രജിസ്ട്രാർ, കാലിക്കറ്റ് യൂണി.