രാഹുലിന്റെ പേരില്‍ കലാപമുണ്ടാക്കാൻ സി.പി.എം ശ്രമം: കെ. പ്രവീൺ കുമാർ

Monday 25 August 2025 12:56 AM IST
കെ. പ്രവീൺ കുമാർ

കോഴിക്കോട്: രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയുടെ പേരിൽ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. സുഹൃത്ത് ബന്ധത്തിന്റെ പേരു പറഞ്ഞാണ് സി.പി.എം വടകരയിൽ ആഭാസസമരം നടത്തുന്നത്. കോൺഗ്രസ് സംഘടനാപ്രവർത്തനത്തിൽ അസഹിഷ്ണുത പൂണ്ടാണ് സി.പി.എം സമരത്തിനിറങ്ങുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വടകര എം.പി ഷാഫിപറമ്പിൽ ശനിയാഴ്ച പങ്കെടുത്ത പരിപാടിക്കെതിരെ സി.പി.എം പ്രവർത്തകർ രംഗത്തെത്തുകയും ഭിന്നശേഷിക്കാരുടെ പരിപാടിയുടെ പ്രചാരണ ബോർഡുകൾ അടിച്ചുതകർക്കുകയുമാണ് ചെയ്തത്. വടകര എം.പി ഷാഫി പറമ്പിലിനെ തടഞ്ഞത് ശരിയല്ല. രാഹുലിന്റെ പേരിൽ ഷാഫിക്കെതിരെ നടക്കുന്നത് തീക്കളിയാണെന്നും പാർട്ടി പരിപാടി തടഞ്ഞാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ നേതാക്കൾക്കെതിരെ ഇതിന് മുൻപ് നിരവധി ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴും അവരുടെ സുഹൃത്തുക്കൾക്കെതിരെയോ പരിചയക്കാർക്കെതിരെയോ പ്രതിഷേധവുമായി പോയിട്ടില്ല. ഷാഫിയുടെ നിലപാട് ശരിയാണോ എന്നതിൽ പ്രതികരിക്കുന്നില്ല. അത് പാർട്ടി പരിശോധിക്കും. തന്റെ നിലപാട് രാഹുലിന് അനുകൂലമല്ല. ആരോപണ വിധേയനായ രാഹുലിനെതിരെ പാർട്ടി എടുക്കുന്ന നടപടി അംഗീകരിക്കും. രാഷ്ട്രീയ വിശുദ്ധി ഉയർത്തിപിടിച്ചു തീരുമാനം കോൺഗ്രസ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹീനും സംബന്ധിച്ചു.