ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം
Monday 25 August 2025 12:14 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാൾ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. വയനാട് സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ താമസിക്കുന്ന യുവാവിന് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ ഞായറാഴ്ച മെഡിക്കൽ കോളജിൽ ചികിത്സതേടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ പ്രാഥമികമായി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾക്ക് ചെന്നൈയിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. കോഴിക്കോട് ജില്ലയിൽ മൂന്ന്, മലപ്പുറം ജില്ലയിൽ മൂന്ന്, വയനാട് ജില്ലയിൽ രണ്ട് പേരുമാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.