സി.പി.ഐ ജന്മശതാബ്ദി സമ്മേളനം, ഫാസിസ്റ്റുകൾക്കെതിരെ ചെങ്കൊടി പാർട്ടികൾ ഒന്നിക്കണം: അഡ്വ. കെ. പ്രകാശ് ബാബു
കാഞ്ഞങ്ങാട്: ഇന്ത്യയിലെ ഫാസിസ്റ്റുകൾക്കെതിരെ പോരാടണമെങ്കിൽ രാജ്യത്തെ ചെങ്കൊടിപാർട്ടികളെല്ലാം ഒന്നിക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടന്ന ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ഏകീകരണം ഈ കാലഘട്ടത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറൽ സ്വഭാവത്തെയും നരേന്ദ്രമോദിയും അമിത്ഷായും കീറിക്കളയുകയാണ്. മാദ്ധ്യമ സ്വാതന്ത്ര്യം പൂർണമായും നിഷേധിച്ചിരിക്കുകയാണ്. ആരെങ്കിലും എവിടെയെങ്കിലും പ്രധാനമന്ത്രിക്കോ അമിത്ഷാക്കോ ഭരണകൂടത്തിനോ എതിരായി എന്തെങ്കിലും എഴുതിയാൽ അവരുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തുകയും അവരെ ജയിലിൽ അടക്കുകയുമാണ്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമ്പോൾ അതിനെ എതിർക്കാൻ ഇന്ത്യയിലെ മുഴുവൻ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കണംമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നോർത്ത് കോട്ടച്ചേരി കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ച് നടന്നു. സംസ്ഥാന കൗൺസിലംഗവും പൊളിറ്റിക്കൽ ഓഫീസറുമായ ടി. കൃഷ്ണനും ടെക്നിക്കൽ ഓഫീസറും ജില്ലാ കൗൺസിലംഗവുമായ കരുണാകരൻ കുന്നത്തുമാണ് റെഡ് വളണ്ടിയർ മാർച്ച്നയിച്ചത്. തുടർന്ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ജന്മശതാബ്ദി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.പി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി.പി മുരളി, മുതിർന്ന പാർട്ടി നേതാവ് പി.എ നായർ, സംസ്ഥാന കൗൺസിലംഗങ്ങളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, ജില്ലാ കൗൺസിലംഗങ്ങളായ വി. രാജൻ, എം അസിനാർ, ബങ്കളം കുഞ്ഞികൃഷ്ണൻ, കെ.എസ് കുര്യാക്കോസ്, പി. ഭാർഗവി, എം. കുമാരൻ മുൻ എം.എൽ.എ, അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ കെ.വി കൃഷ്ണൻ സ്വാഗതം പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡിക്കും സംസ്ഥാന കൗൺസിലംഗവും എം.എൽ.എയുമായ വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി.