റിലയൻസ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Monday 25 August 2025 12:47 AM IST

5100 യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് അവസരം

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പദ്ധതിയ്‌ക്ക് റിലയൻസ് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. 2025-26 അക്കാഡമിക് വർഷത്തിൽ രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം കേരളത്തിലെ 226 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. റിലയൻസ് ഫണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ 5,000 ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് ലഭിക്കുന്നത്. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബിരുദ കോഴ്‌സിന് ചേരുന്ന ആദ്യ വർഷ വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. എൻജിനീയറിംഗ്, ടെക്‌നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. ആറ് ലക്ഷം രൂപയാണ് പി.ജി സ്‌കോളർഷിപ്പ്,

10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.