റബർ വിപണി തകർച്ചയിൽ, കുരുമുളകിന് മുന്നേറ്റം

Monday 25 August 2025 12:48 AM IST

കോട്ടയം: ടയർ കമ്പനികൾ വിട്ടുനിന്നതോടൊപ്പം അമേരിക്കയിലെ തീരുവ അനിശ്ചിതത്വവും റബർ വിപണിക്ക് തിരിച്ചടിയായി. ഒരു മാസത്തിനിടെ കിലോയ്ക്ക് 25 രൂപയാണ് കുറഞ്ഞത്. 215 രൂപ വരെ ഉയർന്നതിന് ശേഷമാണ് ആർ.എസ്.എസ് ഫോർ വില ഇടിഞ്ഞത്. റബർ ബോർഡ് വില 189 രൂപയിലേക്കും വ്യാപാരി വില 181 രൂപയിലേക്കുമാണ് നിലംപൊത്തിയത്. ബാങ്കോക്ക് വില 184രൂപയിലേക്ക് താഴ്ന്നു .

ഇടവിട്ടുള്ള മഴ ടാപ്പിംഗിനെ ബാധിച്ചതോടെ .ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര വിലയിലെ ഇടിവ് മുതലെടുത്ത് റബർ കമ്പനികൾ തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് വ്യാപാരികൾ റബർ വാങ്ങാൻ താത്പര്യം കാണിച്ചതും വിനയായി. വിദേശ റബർ ഇറക്കുമതിക്കുള്ള തന്ത്രമാണ് ടയർലോബിയുടേത്.

അന്താരാഷ്ട്ര വില(കിലോയ്ക്ക്)

ചൈന- 179 രൂപ

ടോക്കിയോ- 192 രൂപ

ബാങ്കോക്ക് -184 രൂപ

###########

ഉത്സവ ഡിമാൻഡിൽ കുരുമുളകിന് നേട്ടം

നവരാത്രി ,ദീപാവലി ഉത്സവ ആഘോഷത്തിന് മുന്നോടിയായി ഉത്തരേന്ത്യയിൽ കറുത്ത പൊന്നിന് ആവശ്യമേറി. വ്യാപാരികൾ സംഭരിക്കുന്നതിനാൽ രണ്ടാഴ്ചയ്‌ക്കിടെ വില 12 രൂപയാണ് ഉയർന്നത്. കാലാവസ്ഥ വ്യതിയാനത്തിൽ കുരുമുളക് ഉത്പാദനം കുറഞ്ഞതും അനുകൂലമായി. മൂല്യവർദ്ധനയ്‌ക്ക് ശേഷം കയറ്റുമതി നടത്തുന്നതിനായി വിയറ്റ്നാമിൽ നിന്ന് വലിയ തോതിൽ കുരുമുളക് ഇറക്കുമതി നടത്തുന്നതാണ് കർഷകരുടെ പ്രധാന ആശങ്ക.

കയറ്റുമതി നിരക്ക് ടണ്ണിന്

ഇന്ത്യ -8150 ഡോളർ

ഇന്തോനേഷ്യ - 7600 ഡോളർ

ശ്രീലങ്ക -7600 ഡോളർ

വിയറ്റ്നാം -6500 ഡോളർ

ബ്രസീൽ -6400 ഡോളർ