ആഗോള വ്യോമയാന ഹബാകാൻ കേരളം
കേരള ഏവിയേഷൻ സമ്മിറ്റിന് സമാപനം
നെടുമ്പാശേരി: ടൂറിസം, വ്യോമയാന മേഖലകൾ സമന്വയിപ്പിച്ച് ആഗോള വ്യോമയാന ഹബായി മാറാൻ കേരളത്തിന് വിപുലമായ അവസരമാണുള്ളതെന്ന് കൊച്ചിയിൽ നടന്ന കേരള ഏവിയേഷൻ ഉച്ചകോടി വിലയിരുത്തി.
ഇന്നലെ സമാപിച്ച ഉച്ചകോടിയിൽ നയരൂപീകരണ വിദഗ്ദ്ധരും വ്യവസായ പ്രമുഖരും പങ്കെടുത്തു. വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്‌സും സംയോജിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കാനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. നൂതനാശയങ്ങൾ പരസ്പര സഹകരണത്തോടെ നടപ്പാക്കണമെന്നും നിർദേശമുയർന്നു.
വ്യോമയാന വിദഗ്ദ്ധരും വിമാനക്കമ്പനി പ്രതിനിധികളും വിപണിയിലെ ട്രെൻഡുകളും പ്രധാന ആഗോള കേന്ദ്രങ്ങളിലേക്കുള്ള പുതിയ വിമാന സർവീസുകളുടെ സാദ്ധ്യതകളും അവതരിപ്പിച്ചു. കേരളത്തിന് പുതിയ വ്യവസായ മേഖലകളിൽ വികസന സാദ്ധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് വ്യോമയാന ഉച്ചകോടിയുടെ പ്രധാന നേട്ടമെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് സമാപന സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി മേയർ എം. അനിൽകുമാർ, കെ. പി. എം. ജി മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് ഡയറക്ടർ ധാവൽ റൗട്ട്, ഫിക്കി കേരള മേധാവി സാവിയോ മാത്യു, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ പങ്കെടുത്തു.
പ്രധാന നിർദേശങ്ങൾ
1.വിമാനത്താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം
2. അന്താരാഷ്ട്ര വിമാന സർവീസുകൾ ഗണ്യമായി വർദ്ധിപ്പിക്കണം
3. പ്രാദേശിക ഗതാഗത മേഖലയിൽ എയർ ടാക്സിയടക്കം പ്രയോജനപ്പെടുത്തണം
4. സുസ്ഥിര വികസനം ഉറപ്പാക്കി അധിക നിക്ഷേപം ആകർഷിക്കണം
സിയാലിനെ ട്രാൻസിറ്റ് ഹബ്ബാക്കാം
നെടുമ്പാശേരി: ആഭ്യന്തര ടൂറിസം വിപണിയും ലോജിസ്റ്റിക്സ് മേഖലയും അതിവേഗം വളരുന്നതിനാൽ സിയാലിനെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റണമെന്ന് വ്യോമയാന ഉച്ചകോടി നിർദേശിച്ചു. ടൂറിസത്തിന്റെ വികസനത്തിന് വ്യോമയാന മേഖലയ്ക്ക് നിർണായക സ്വാധീനമുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു ചൂണ്ടിക്കാട്ടി. ട്വന്റി 14 ഹോൾഡിംഗ്സ് ആൻഡ് ലുലു ഫിനാൻസ് ഹോൾഡിംഗ്സ് സ്ഥാപകനും എം.ഡിയുമായ അദീപ് അഹമ്മദ്, എറണാകുളം കളക്ടർ ജി. പ്രിയങ്ക, പ്രമുഖ റോബോട്ടിക് സർജൻ ഡോ. ദീപക് കൃഷ്ണപ്പ, എയർ ഏഷ്യ ജനറൽ മാനേജർ സുരേഷ് നായർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.