മ​ഹി​ള സാ​ഹ​സ് കേ​ര​ള യാ​ത്ര​യ്​ക്ക് സ്വീകരണം, സ്​ത്രീ ചൂ​ഷ​കരെ വേർ​തി​രി​വി​ല്ലാ​തെ എ​തിർ​ക്ക​ണം: ജെ​ബി മേ​ത്തർ എം​.പി

Monday 25 August 2025 12:53 AM IST

കോ​ഴ​ഞ്ചേ​രി : സ്​ത്രീ ചൂ​ഷ​കരെ വേർ​തി​രി​വി​ല്ലാ​തെ എ​തിർ​ക്ക​ണ​മെ​ന്ന് മ​ഹി​ള കോൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ജെ​ബി മേ​ത്തർ എം​.പി അഭി​പ്രായപ്പെട്ടു. മ​ഹി​ള സാ​ഹ​സ് കേ​ര​ള യാ​ത്ര​യ്​ക്ക് നൽകി​യ സ്വീകരണയോഗത്തി​ൽ സംസാരി​ക്കുകയായി​രുന്നു അവർ. സി.പി.എ​മ്മും ഇ​ട​തു​പ​ക്ഷ ഗ​വൺ​മെന്റും ത​രം നോ​ക്കി നി​ല​പാ​ട് മാ​റ്റു​ക​യാ​ണ്. സ്​ത്രീ ചൂ​ഷ​കർ ത​ങ്ങ​ളു​ടെ ആ​ളു​ക​ളെ​ങ്കിൽ പാർ​ട്ടി കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണം മ​തി എ​ന്ന നി​ല​പാ​ടാ​ണ് സി.പി.എ​മ്മി​ന്. അ​ത്ത​ര​മൊ​രു നി​ല​പാ​ട് മ​ഹി​ള കോൺ​ഗ്ര​സി​ന് ഇ​ല്ല. സി.പി.എം എം​ എൽ ​എമാർ​ക്കെതി​രെ ആ​രോ​പ​ണ​ങ്ങൾ ഉ​ണ്ടാ​യ​പ്പോ​ഴും സ്വീ​ക​രി​ച്ച നി​ല​പാ​ട് ചൂ​ഷ​കർ​ക്ക് സം​ര​ക്ഷ​ണം നൽ​കു​ന്ന​താ​യി​രു​ന്നു. അ​ത്ത​ര​മൊ​രു സ​മീ​പ​നം മ​ഹി​ള കോൺ​ഗ്ര​സി​നി​ല്ലെ​ന്നും അ​വർ വ്യ​ക്ത​മാ​ക്കി. രാ​ഹുൽ മാ​ങ്കൂ​ട്ട​ത്തി​ന്റെ പ്ര​ശ്‌​ന​ത്തിൽ കോൺ​ഗ്ര​സ് ഉ​ചി​ത​വും വ്യ​ക്ത​വു​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​വർ പ​റ​ഞ്ഞു.

ഇ​ല​ന്തൂർ, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശ്ശേ​രി, കോ​യി​പ്രം, പു​ല്ലാ​ട്, ഇ​ര​വി​പേ​രൂർ, ഓ​ത​റ, ആ​റ​ന്മു​ള, കി​ട​ങ്ങ​ന്നൂർ, മെ​ഴു​വേ​ലി, പ​ന്ത​ളം, കു​ള​ന​ട, തെ​ക്കേ​ക്ക​ര, കു​ര​മ്പാ​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളിൽ സ്വീ​ക​ര​ണം നടന്നു. ആ​ന്റോ ആന്റ​ണി എം.​പി, കെ പി സി സി ജ​ന​റൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴം​കു​ളം മ​ധു, എം.എം.ന​സീർ, ര​മ്യഹ​രി​ദാ​സ്, ശി​വ​ദാ​സൻ​നാ​യർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വർ വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങൾ ഉ​ദ്​ഘാ​ട​നം ചെ​യ്​തു.

ജി​ല്ലാ പ്ര​സി​ഡ​ന്റ് ര​ജ​നി പ്ര​ദീ​പ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആർ.ല​ക്ഷ്​മി, ജ​യ​ല​ക്ഷ്​മി ദ​ത്തൻ, എൽ.അ​നി​ത, ലാ​ലി ജോൺ,സു​ധാനാ​യർ, സു​ജ ജോൺ, ​മ​ഞ്​ജു വി​ശ്വ​നാ​ഥ്, വി​ബി​ത ബാ​ബു, ആ​ശാ ത​ങ്ക​പ്പൻ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.