കസവുസാരിയും മുല്ലപ്പൂവും ചൂടി മൊണാലിസ ഓണം ക്യാമ്പയിനുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: കസവുസാരിയും മുല്ലപ്പൂവും ചൂടിയ മലയാളിയായി മൊണാലിസ. കേരള ടൂറിസത്തിന്റെ ഓണം ക്യാമ്പയിനിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയ പേജുകളിലൂടെ ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തെ കേരളത്തനിമയോടെ അവതരിപ്പിച്ചത്. നിർമ്മിതബുദ്ധി (എ.ഐ) രൂപകൽപ്പന ചെയ്ത ചിത്രമുൾപ്പെട്ട ക്യാമ്പയിൻ തരംഗമായിക്കഴിഞ്ഞു. ഓണക്കാലം ആഘോഷിക്കാൻ വിനോദസഞ്ചാരികളെ ക്യാമ്പയിനിലൂടെ ക്ഷണിക്കുകയാണ്. ഈ മാസം 21നാണ് കേരള ടൂറിസം പേജിൽ മൊണാലിസ ചിത്രം ഓണം ക്യാമ്പയിനായി പോസ്റ്റ് ചെയ്ത്. യഥാർത്ഥ മോണാലിസ ചിത്രത്തിന് ഈ ദിവസവുമായി ബന്ധമുണ്ട്. പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് 1911 ആഗസ്റ്റ് 21നാണ് മൊണാലിസ ചിത്രം കളവുപോയത്. രണ്ടുവർഷം കഴിഞ്ഞ് തിരികെ ലഭിക്കുകയും ചെയ്തു.
ഈയിടെ തിരുവനന്തപുരത്ത് എത്തിയ ഇംഗ്ലണ്ടിന്റെ എഫ്35 ബി വിമാനത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വകുപ്പിന്റെ പോസ്റ്റും വൈറലായിരുന്നു.