ഹെഡ് കോച്ചാകാന്‍ സൗരവ് ഗാംഗുലി; നിയമനം ഇന്ത്യയിലല്ല അങ്ങ് ദക്ഷിണാഫ്രിക്കയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി പരിശീലകനാകുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ക്രിക്കറ്റ് ഭരണവും ഐപിഎല്‍ ടീമുകളുടെ മെന്റര്‍ സ്ഥാനത്തും പ്രവര്‍ത്തിച്ചിട്ടുള്ള സൗരവ് ഗാംഗുലി ഇതാദ്യമായിട്ടാണ് ഒരു ടീമിന്റെ പരിശീലകനാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ട്വന്റി 20 ലീഗായ എസ്എ ടി20 ടീം പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ പരിശീലകനായിട്ടാണ് ദാദയെ നിയമിച്ചിരിക്കുന്നത്.
മുന്‍ ഇംഗ്ലണ്ട് താരം ജോണാഥന്‍ ട്രോട്ട് ആയിരുന്നു പ്രിട്ടോറിയ ക്യാപിറ്റല്‍സ് പരിശീലകന്‍. ട്രോട്ടിന്റെ പിന്‍ഗാമിയായിട്ടാണ് 53കാരനായ സൗരവ് ഗാംഗുലി പ്രിട്ടോറിയയില്‍ എത്തുന്നത്. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഗാംഗുലി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും ടീം ഡയറക്ടറായും പ്രവര്‍ത്തിച്ചു.
2015ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെയും 2019ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാനേജ്‌മെന്റ് എസ്എ ടി20 ഫ്രാഞ്ചൈസി ലീഗില്‍ സ്വന്തമാക്കിയ ടീം ആണ് പ്രിട്ടോറിയ ക്യാപിറ്റല്‍സ്.