കാനായി മൂശയിൽ ഗുരുദേവ ശില്പത്തിന് മെഴുക് ചോർത്ത്
കൊല്ലം: പയ്യന്നൂരിലെ കാനായി മൂശയിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുദേവ ശില്പത്തിന്റെ മെഴുക് ചോർത്ത് കഴിഞ്ഞു. മെഴുകുനീക്കം ചെയ്തതോടെ, വെങ്കല കാസ്റ്റിംഗിലേക്ക് കടക്കും.
ഒരുവർഷം മുമ്പാണ് ഗുരുദേവശില്പ നിർമ്മാണം ഉണ്ണി കാനായി ആരംഭിച്ചത്.
കളിമണ്ണ് കുഴച്ച് ഗുരുദേവ രൂപമുണ്ടാക്കുകയായിരുന്നു ആദ്യ കടമ്പ. ഇതിനെ പ്ളാസ്റ്റർ ഒഫ് പാരീസ് ഉപയോഗിച്ച് എട്ട് മോൾഡുകളായി തിരിച്ചു. ഈ മോൾഡുകൾ മെഴുകിൽ അമർത്തി ഒന്നിപ്പിച്ചു. ആ മെഴുകാണ് ഉരുക്കി മാറ്റിയത്.
മെഴുക് ഉരുകിത്തീർന്ന ശില്പത്തെ വീണ്ടും കളിമണ്ണ് പൊതിയും. ഒരു ദ്വാരമുണ്ടായിരിക്കും. ഈ ദ്വാരത്തിലൂടെയാണ് വെങ്കലം ഉരുക്കിയൊഴിക്കുന്ന വെങ്കല കാസ്റ്റിംഗ് . തടി കത്തിച്ചാണ് വെങ്കലം ഉരുക്കുക.
ഒരു കിലോ മെഴുകിന് എട്ട് കിലോ വെങ്കലം വേണമെന്നാണ് കണക്ക്.
വെങ്കല കാസ്റ്റിംഗ് പൂർത്തിയായാൽ ഒരുദിവസം കഴിഞ്ഞ് തട്ടിയിളക്കിയെടുക്കാം. ജോയിന്റുകൾ ഗ്യാസ് വെൽഡ് ചെയ്ത് ബലപ്പെടുത്തി, പോളിഷ് ചെയ്യുന്നതോടെ ശില്പം പൂർത്തിയാകും. ചാരനിറമോ വെങ്കല നിറമോ നൽകാം.
വേണ്ടിവരുന്ന വെങ്കലം
700 കിലോ
ശില്പത്തിന്റെ ഉയരം
8 അടി
ആകെ ചെലവ്
₹ 50 ലക്ഷം
വെങ്കലം കിലോയ്ക്ക്
₹ 600-700
രണ്ടാമത്തെ ശില്പം
സർക്കാർ 56 കോടിയിൽപ്പരം രൂപ ചെലവിട്ട് നിർമ്മിച്ച ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പ്രവേശന ബ്ളോക്കിൽ നേരത്തെ ഗുരുദേവ ശില്പം സ്ഥാപിച്ചിരുന്നു. 2023 മേയ് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ സമുച്ചയം നാടിന് സമർപ്പിച്ചു. എന്നാൽ പ്രതിമയ്ക്ക് ഗുരുദേവനുമായി സാമ്യമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ത്രി സജി ചെറിയാനെ അറിയിച്ചു. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ നീക്കി. പുതിയതിന് ഉണ്ണി കാനായിയെ ചുമതലയേൽപ്പിക്കുകയായിരുന്നു.
`ഒരാഴ്ചയ്ക്കുള്ളിൽ ശില്പം പൂർത്തിയാകും, തുടന്ന് സാംസ്കാരിക വകുപ്പിന് കൈമാറും.`
-ഉണ്ണി കാനായി