(കഥയും കാഴ്ചയും) ചട്ടിച്ചോറിന് മുമ്പ് ഒരു കുട്ടിക്കാലം
ഉച്ചയൂണ് കഴിക്കാൻ ഹോട്ടലിൽ കയറി. കുഴിമന്തിയും അൽഫാമുമായി വിഭവങ്ങളേറെ. ഒപ്പമുള്ള കുട്ടികൾ വൈറൈറ്റി തിരക്കി.
"ചട്ടിച്ചോറുണ്ട്. " - ജീവനക്കാരൻ പറഞ്ഞു.
കുട്ടികൾ ആർപ്പുവിളിച്ചു. ഞാൻ മിണ്ടാതിരുന്നു. ഞാനെത്ര ചട്ടിച്ചോറ് കഴിച്ചിരിക്കുന്നു. പക്ഷേ പിള്ളേർക്ക് അത് പുതിയ വിഭവമാണ്. ചട്ടിച്ചോറെത്തി. മൺചട്ടിക്കുള്ളിൽ ചോറും കറികളും തോരനും മെഴുക്കുപുരട്ടിയും ബീഫും ചിക്കനും മീനും മുട്ട വറുത്തതുമായി ഒരു അവയിൽ പരുവം. എല്ലാ സാധനങ്ങളും മേമ്പൊടിക്കേയുള്ളു. രണ്ടുതവി ചോറ്. ബീഫ് മൂന്ന് കഷണം. ചിക്കൻ നാല് കഷണം. മീൻ വറുത്തതും മുട്ടപൊരിച്ചതും. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പോലെ ചട്ടിക്കുള്ളിൽ അവ ഒരമ്മപെറ്റ മക്കളെപ്പോലെ കിടന്നു
എല്ലാം കൂട്ടിക്കുഴച്ച് കഴിച്ച് കുട്ടികൾ ഏമ്പക്കം വിട്ടു. ബില്ലെത്തി. ചട്ടിച്ചോറൊന്നിന് 400 രൂപ ! എന്റെ കണ്ണുതള്ളി. ആ തള്ളലിൽ ഞാനും ഏമ്പക്കം വിട്ടുപോയി. ഞാൻ പണ്ട് കഴിച്ച ചട്ടിച്ചോറിന് പഴങ്കഞ്ഞി എന്നായിരുന്നു പേര്. തലേന്ന് മിച്ചംവന്ന ചോറ് കളയാൻ മനസില്ലാതെ വെള്ളം ഒഴിച്ചുവയ്ക്കുന്നതാണ്. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കാലം. പാത്രത്തിൽ നിന്ന് ഒരു മണിച്ചോറ് തറയിൽ വീണാൽ അമ്മാർ കുട്ടികളെ തല്ലിയിരുന്ന കാലം. ഹോട്ടലിലെ ചട്ടിച്ചോറ് പോലെ അന്നത്തെ ചട്ടിച്ചോറിന് വിഭവങ്ങൾ പലതുണ്ടാകില്ല. ഉള്ളതെല്ലാം ഒറ്റപ്പാത്രത്തിൽ കലക്കിയും കുലുക്കിയും കലപില പറഞ്ഞും ഗുളു ഗുളു ശബ്ദത്തിൽ കുടിക്കുന്ന ഏർപ്പാട് പുതിയ കുട്ടികൾക്ക് അത്ര പിടിക്കില്ല. കാശുകൊടുത്ത് ഹോട്ടലിൽ കയറി കലക്കുകയും കുലുക്കുകയും ചെയ്താലേ അവർക്ക് ദഹിക്കു.
പഴങ്കഞ്ഞിക്ക് ഒരു കറിയോ തോരനോ കാണും. ഭാഗ്യമുണ്ടെങ്കിൽ തലേന്ന് മിച്ചംവച്ച മീൻ ചാറും കിട്ടും. കപ്പയോ കാന്താരിച്ചമ്മന്തിയോ ഉണ്ടെങ്കിൽ ഉത്സാഹം കൂടും. അൽപം തൈരുകൂടിയുണ്ടെങ്കിൽ ഉഷാറാകും. ചുട്ടെടുത്ത ഉണക്കമീനുണ്ടെങ്കിൽ ഭാഗ്യം. 400 രൂപയ്ക്ക് ഒറ്റച്ചട്ടിയിൽ സർവതും കൂട്ടിക്കുഴച്ചു കഴിക്കുന്ന ചട്ടിച്ചോറിനെ പുതിയ വിപണി കച്ചവടമാക്കും മുമ്പേ പഴയകാലത്തെ അമ്മമാർ കണ്ടുപിടിച്ചതാണ് പഴങ്കഞ്ഞി. പണ്ട് പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുത്തവരുടെ എനർജി ഡ്രിങ്കായിരുന്നു പഴങ്കഞ്ഞി.
ചട്ടിച്ചോറുമാത്രമല്ല, പഴങ്കഞ്ഞിയും ഇന്ന് കച്ചവടത്തിനുണ്ട്. അടൂരിലെ പഴങ്കഞ്ഞിക്കട പ്രശസ്തമാണ്. പണം കൊടുത്ത് പഴങ്കഞ്ഞി കുടിക്കുന്ന കാലം.
അമ്മ വിളമ്പിയ പഴങ്കഞ്ഞി അടുക്കളയിലെ കുരണ്ടിപ്പലകയിലിരുന്ന് കുടിച്ചതിന്റെ എരിവ് ഒാർത്തയിരിക്കും കണ്ണു നിറഞ്ഞു. അതോ പിള്ളേര് കഴിച്ച ചട്ടിച്ചോറിന് കൊടുത്ത വിലയോർത്തപ്പോഴോ ...
ചട്ടിച്ചോറിനെ പുതിയ വിപണി കച്ചവടമാക്കും മുമ്പേ പഴയകാലത്തെ അമ്മമാർ കണ്ടുപിടിച്ചതാണ് പഴങ്കഞ്ഞി. പണ്ട് പാടത്തും പറമ്പിലും എല്ലുമുറിയെ പണിയെടുത്തവരുടെ എനർജി ഡ്രിങ്കായിരുന്നു പഴങ്കഞ്ഞി.