ജില്ലയിൽ ലാൻഡ് ബാങ്ക് പദ്ധതി വഴി ഭൂമിയുടെ അവകാശികളായി 107 പട്ടികവർഗ കുടുംബം

Monday 25 August 2025 1:19 AM IST

പാലക്കാട്: വർഷങ്ങളായി ഭൂരഹിതരായി തുടരുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി സംസ്ഥാന സർക്കാരിന്റെ ലാൻഡ് ബാങ്ക് പദ്ധതി. പദ്ധതി വഴി ജില്ലയിൽ ഇതുവരെ 25.42 ഏക്കർ ഭൂമിയാണ് വിതരണം ചെയ്തത്. 107 കുടുംബങ്ങൾക്കായാണ് ഈ ഭൂമി നൽകിയത്. പദ്ധതി ആരംഭിച്ച 2019 -20 സാമ്പത്തിക വർഷം മുതൽ ഇതുവരെയുള്ള കണക്കാണിത്.

ട്രൈബൽ റിഹാബിലിറ്റേഷൻ/ഡെവലപ്പ്‌മെന്റ് മിഷന് (ടി.ആർ.ഡി.എം) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ടി.ആർ.ഡി.എം നേരിട്ട് ഭൂമി വാങ്ങി ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന രീതിയിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭൂമിയില്ലെന്ന് ഗ്രാമസഭയോ ഊരുകൂട്ടമോ പട്ടികവർഗ്ഗ വകുപ്പ് അല്ലെങ്കിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ ഉറപ്പാക്കിയ കുടുംബങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. ഭൂമി വാങ്ങുന്നതിനായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ടി.ആർ.ഡി.എം പത്രത്തിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രൊമോട്ടർമാരുടെ സഹായത്തോടെയും അറിയിപ്പ് നൽകും. ഭൂമി വിൽക്കാൻ താല്പര്യമുള്ളവർ കുറഞ്ഞത് ഒരു ഏക്കർ ഭൂമിക്ക് മാത്രമേ ഓഫർ സമർപ്പിക്കാനാവൂ. ഓഫർ ലഭിച്ചാൽ ഏഴ് ദിവസത്തിനകം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓഫീസർ, റേഞ്ച് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ, ഫോറസ്റ്റ് ഓഫീസർ, സർവെ സൂപ്രണ്ട്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ മറ്റൊരു കമ്മിറ്റി സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. ഇങ്ങനെ വാങ്ങിയ ഭൂമി ഭാവിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് നൽകുന്നതിനായി ലാൻഡ് ബാങ്കായി സൂക്ഷിക്കും.

ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ജില്ലയിൽ ഭൂമി വാങ്ങിയതിന്റെ വിവരങ്ങൾ:

 2019-20: 2.78 കോടി രൂപ ചെലവഴിച്ച് ഒഴലപ്പതി, തെക്കേദേശം, തരൂർ 2, മണ്ണാർക്കാട് 2, കിഴക്കഞ്ചേരി 2 എന്നീ വില്ലേജുകളിൽ 7.30 ഏക്കർ ഏറ്റെടുത്തു. 30 ഗുണഭോക്താക്കളെ കണ്ടെത്തി എല്ലാവർക്കും ഭൂമി വിതരണം ചെയ്തു.

 2021-22: 3.22 കോടി രൂപ ചെലവഴിച്ച് മുതലമട 1, പട്ടഞ്ചേരി, പുതുശ്ശേരി ഈസ്റ്റ്, കാവശ്ശേരി 2 വില്ലേജുകളിൽ 9.02 ഏക്കർ ഭൂമി ഏറ്റെടുത്തു. 42 ഗുണഭോക്താക്കളെ കണ്ടെത്തിയതിൽ 37 പേർക്ക് ഭൂമി വിതരണം ചെയ്തു.

 2022-23: 1.12 കോടി രൂപ ചെലവഴിച്ച് അലനല്ലൂർ 3 വില്ലേജിൽ ഒരാളുടെ 1.50 ഏക്കർ ഏറ്റെടുത്തു. ഏഴ് ഗുണഭോക്താക്കളെ കണ്ടെത്തി എല്ലാവർക്കും ഭൂമി വിതരണം ചെയ്തു.

 2023-24 വർഷം: 8.70 കോടി രൂപ ചെലവഴിച്ച് കരിമ്പ 1 വില്ലേജിലെ ഒരാളുടെ 10 ഏക്കർ ഏറ്റെടുത്തു. 43 ഗുണഭോക്താക്കളെ കണ്ടെത്തി. 33 പേർക്ക് ഭൂമി വിതരണം ചെയ്തു.