സഞ്ജു സാംസണ് തകര്‍പ്പന്‍ സെഞ്ച്വറി; കൊല്ലത്തിന്റെ അടിക്ക് കൊച്ചിയുടെ തിരിച്ചടി

Sunday 24 August 2025 11:40 PM IST

തിരുവനന്തപുരം: കെസിഎല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വിജയം സമ്മാനിച്ച് സഞ്ജു വി സാംസണ്‍. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം സഞ്ചുവിന്റെ കരുത്തില്‍ അവസാന പന്തില്‍ കൊച്ചി മറികടക്കുകയായിരുന്നു. 51 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരം 14 ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 121 റണ്‍സ് നേടി. മുഹമ്മദ് ഷാനും, മുഹമ്മദ് ആഷിക് എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും കൊച്ചിയുടെ വിജയത്തില്‍ നിര്‍ണായകമായി.

പടുകൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചിക്കായി ഓപ്പണറുടെ റോളിലാണ് സഞ്ജു ബാറ്റ് ചെയ്യാന്‍ എത്തിയത്. ഇന്ത്യന്‍ താരത്തിന്റെ ബാറ്റിന്റെ ചൂട് കൊല്ലം ബൗളര്‍മാര്‍ കണക്കിന് ഏറ്റുവാങ്ങി. വിനൂപ് മനോഹരന്‍ 11(9) ആണ് കൊച്ചി നിരയില്‍ ആദ്യം പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷാനുവിനെ കൂട്ടുപിടിച്ചാണ് സഞ്ജു കത്തി കയറിയത്. ഷാനു 39(28) റണ്‍സ് നേടി പുറത്തായി. അഞ്ചാമനായി സഞ്ജു പുത്താകുമ്പോള്‍ 11 പന്തുകളില്‍ നിന്ന് 31 റണ്‍സ് കൂടി വേണമായിരുന്നു കൊച്ചിക്ക് ജയിക്കാന്‍.

18 പന്തുകളില്‍ നിന്ന് 45 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ആഷിക് ആണ് കൊച്ചിയെ ജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ആഷിക്കിന്റെ ഇന്നിംഗ്‌സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം വിഷ്ണു വിനോദ് 94(41) ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 91(44) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് 236 റണ്‍സ് അടിച്ചെടുത്തത്. 10 സിക്‌സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിംഗ്‌സ്. സച്ചിന്‍ ബേബി ആറ് സിക്‌സറുകള്‍ പായിച്ചു. ബ്ലൂ ടൈഗേഴ്‌സിനായി ജെറിന്‍ പിഎസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം മൂന്ന് കളികളില്‍ നിന്ന് വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്.