കാലാവസ്ഥ ചതിച്ചു തകർച്ച നേരിട്ട് റബ്ബർ കുരു വ്യവസായം
കാളികാവ്: കാലാവസ്ഥ ചതിച്ചത് മലയോരമേഖലയിലെ റബർ ഉത്പാദനത്തെയും റബർ കുരു വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. കാലം തെറ്റിയതും കനത്തതുമായ മഴയാണ് ഇക്കുറി കുരു ഉത്പാദനത്തെ ബാധിച്ചത്.സീസൺ കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ആഗസ്റ്റ് , സെപ്തംബർ മാസങ്ങളിലാണ് പൊട്ടുക.ഈ മാസം മുഴുവൻ ദിവസവും തുറന്ന വെയിൽ ലഭിക്കാത്തതാണ് കുരു ഉണക്കത്തെ ബാധിച്ചത്. വർഷത്തിൽ ഏറിയാൽ ഒരു മാസമാണ് റബർ കുരു ശേഖരണവും വിപണനവും നടക്കുന്നത്.സാധാരണ വർഷങ്ങളിൽ ആഗസ്റ്റ് അവസാനം തുടങ്ങി സെപ്തംബർ അവസാനം വരെയാണ് റബർ മരങ്ങളുടെ പ്രജനനകാലം.ഇക്കാലത്താണ് മരങ്ങളിൽ നിന്ന് കുരു പൊട്ടി വീഴുക. ഇങ്ങനെ തെറിക്കുന്ന കുരു ശേഖരിക്കാൻ കുട്ടികളും വൃദ്ധന്മാരുമടക്കം തോട്ടങ്ങളിൽ കയറും.ഒരു കിലോക്ക് അമ്പത് മുതൽ നൂറ് രൂപ വരെ ലഭിക്കും.കുറഞ്ഞത് 500 മുതൽ 1000 രൂപ വരെ ഓരോരുത്തർക്കും വരുമാനം ലഭിക്കും.സീസൺ കാലത്ത് പ്രദേശത്ത് കുരു ശേഖരണത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങും. ഇങ്ങനെ ശേഖരിക്കുന്ന കുരു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. റബർ കൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് ഈ കുരു ഉപയോഗിക്കുക. നേരത്തെ കോട്ടയം ജില്ലയിൽ നിന്ന് തൈകൾ ഇവിടങ്ങളിലേക്ക് കയറ്റിപ്പോവുകയായിരുന്നു .എന്നാലിപ്പോൾ കൂരു നേരിട്ടെത്തിക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡ് കൂടിയത്. സീസൺ തുടങ്ങിയിട്ടും മേഖലയിൽ എവിടെയും വിളവെടുപ്പ് തുടങ്ങിയിട്ടില്ല. ഈ മാസം മുതൽ കനത്ത വെയിലുണ്ടായാൽ കുരു പൊട്ടിയേക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
നിലമ്പൂരിലേതിന് ഡിമാൻഡേറെ
- ഏറ്റവും മുന്തിയ ഇനവും അത്യുൽപ്പാദന ശേഷിയുള്ളതുമായ റബ്ബർ കുരു നിലമ്പൂർ മേഖലയിലുള്ളതാണ്.
- ജില്ലയിലെ ഏറ്റവും വലിയ റബർ എസ്റ്റേറ്റായ പുല്ലങ്കോട് എസ്റ്റേറ്റിലെ കുരുവിന് ആവശ്യക്കാരേറെയാണ്.
- ഈ വർഷം പുല്ലങ്കോട് മാത്രം അമ്പത് ടൺ കുരുവിന്റെ ബുക്കിംഗ് ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.
- ഓരോവർഷവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു കോടിയോളം റബർ തൈകൾ വച്ചു പിടിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.
- ഇതിനാവശ്യമുള്ള കുരു കയറ്റിപ്പോകുന്നതാകട്ടെ കേരളത്തിൽ നിന്നുമാണ്.റബർ കുരു അസാമിലെത്തുമ്പോൾ കിലോക്ക് നല്ല വിലയാണ് ലഭിക്കുന്നത്