ഏപ്രില്‍ - ജൂണ്‍ ലാഭം 16184 കോടി; തഴച്ച് വളര്‍ന്ന് ഈ മേഖലയിലെ കമ്പനികള്‍

Monday 25 August 2025 12:03 AM IST

ക്രൂഡ് വിലയിലെ ഇടിവ് നേട്ടമായി

കൊച്ചി: ക്രൂഡോയില്‍ വിലയിലെ ഇടിവിന്റെയും ആഭ്യന്തര വിപണിയിലെ വില്‍പ്പന ഉണര്‍വിന്റെയും കരുത്തില്‍ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം കുതിച്ചുയര്‍ന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അയവുണ്ടായതും ഗള്‍ഫ് രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതുമാണ് ക്രൂഡോയില്‍ വില ഇടിച്ചത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാതിരുന്നതാണ് ലാഭ മാര്‍ജിന്‍ കൂട്ടിയത്.

പൊതുമേഖല കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്.പി.സി.എല്‍) എന്നിവയുടെ സംയോജിത ലാഭം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 16,184 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ രണ്ടര ഇരട്ടി വര്‍ദ്ധനയാണ് ഇത്തവണ അറ്റാദായത്തിലുണ്ടായത്. ബി.പി.സി.എല്ലാണ് അവലോകന കാലയളവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. പമ്പിലെ ശരാശരി പെട്രോള്‍ വില്‍പ്പനയിലും ബി.പി.സി.എല്ലാണ് മുന്‍നിരയില്‍. ബി.പി.സി.എല്ലിന്റെ പമ്പുകളില്‍ പ്രതിമാസം ശരാശരി 153 കിലോലിറ്റര്‍ പെട്രോളിന്റെ വില്‍പ്പനയുണ്ട്. ഐ.ഒ.സിയുടെ ശരാശരി വില്‍പ്പന 130 കിലോ ലിറ്ററാണ്.

ലാഭക്ഷമതയില്‍ ബി.പി.സി.എല്‍ മുന്നില്‍

ഒരു ബാരല്‍ ക്രൂഡില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുമ്പാേഴുള്ള ലാഭത്തില്‍(മാര്‍ജിന്‍) ബി.പി.സി.എല്ലാണ് ഒന്നാമത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ ബി.പി.സി.എല്ലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ 4.88 ഡോളറാണ്. എച്ച്.പി.സി.എല്ലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 3.08 ഡോളറും ഐ.ഒസിയുടെ ലാഭക്ഷമത 2.15 ഡോളറുമാണ്.

ഒരു ലിറ്റര്‍ പെട്രോളില്‍ 10.3 രൂപ ലാഭം

പൊതുമേഖല കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ നേടുന്ന ലാഭം ആദ്യ പാദത്തില്‍ ലിറ്ററിന് 10.3 രൂപയായി കുതിച്ചുയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ലാഭം 4.4 രൂപയായിരുന്നു. ഡീസല്‍ വില്‍പ്പനയിലെ ലാഭം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലിറ്ററിന് 8.2 രൂപയാണ്. കഴിഞ്ഞ വര്‍ഷം 2.5 രൂപയായിരുന്നു.

ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം ലാഭം 16,184 കോടി രൂപ

കമ്പനി : അറ്റാദായം(കോടി രൂപയില്‍)

ബി.പി.സി.എല്‍ : 6,124

ഐ.ഒ.സി : 5,689

എച്ച്.പി.സി.എല്‍: 4,371