എരുമേലി-പുനലൂർ-ബാലരാമപുരം: ശബരി റെയിൽ വിഴിഞ്ഞത്തേക്ക്,​ വികസന പാളത്തിന് അംഗീകാരം

Monday 25 August 2025 12:15 AM IST

പുനലൂർ: പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സമഗ്ര വികസനത്തിന് പാളമൊരുക്കുന്ന ശബരി റെയിൽപാത എരുമേലിയിൽ നിന്ന് പുനലൂർ വഴി ബാലരാമപുരത്തേക്ക് നിർമ്മിക്കുന്ന പദ്ധതിക്ക് തത്വത്തിൽ അംഗീകാരം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ പുനലൂർ വരെ നീളുന്ന വ്യവസായ മേഖലയ്ക്ക് കരുത്തേകുന്നതാണ് പുതിയ പാത.

എന്നാൽ യാഥാർത്ഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. എരുമേലിയിൽ നിന്ന് ആരംഭിക്കുന്ന റെയിൽപാത ബാലരാമപുരം വരെ എത്താൻ പതിമൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ വേണ്ടിവരും.

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് റെയിൽ പാതയെങ്കിലും റെയിൽവേ കടന്നെത്താത്ത പ്രദേശങ്ങളിൽ പുതിയ പാത വന്നാൽ വൻ വികസന കുതിപ്പുണ്ടാകും. അങ്കമാലി ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂർ പ്രകാശ് എം.പി ലോക് സഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതിലൂടെ എം.സി റോഡിലെ തിരക്ക് കുറയ്ക്കാൻ കഴിയും. 2022ൽ റെയിൽവേ കണക്ടിവിറ്റിയില്ലാത്ത അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള സ്ഥലമായി നെടുമങ്ങാട് ഉൾപ്പെട്ടതാണ്. ഇതുവഴി ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, എ.എ.റഹീം എന്നിവരും പുതിയ പാതയ്ക്കായി ഇടപെട്ടിരുന്നു. മദ്ധ്യകേരളത്തിന്റെ കാർഷിക-വ്യാവസായിക വളർച്ചയ്ക്ക് കരുത്താകുന്ന പാത റെയിൽവേയ്ക്ക് ലാഭകരമായ റൂട്ടായിരിക്കും. കൂടുതൽ ദീർഘദൂര - ചരക്ക് ട്രെയിനുകൾക്കും പാത പ്രയോജനപ്പെടുത്താം.

ട്രെയിനിലേറും കണ്ടെയ്നറുകൾ

 വിഴിഞ്ഞം പോർട്ടിൽ നിന്നുള്ള കണ്ടെയ്നർ നീക്കം ട്രെയിൻമാർഗമാക്കാം

 റോഡുകളിലെ തിരക്ക് ഒഴിവാക്കാം

 ഗ്രാമീണ മേഖലയ്ക്ക് യാത്രാ ചെലവിലും വലിയ ആശ്വാസം

 പത്തനംതിട്ട-തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കും

 റെയിൽപാത പുനലൂരിൽ സംഗമിക്കുമ്പോൾ ചെങ്കോട്ട- കൊല്ലം റൂട്ടിലും യാത്രക്കാർ വർദ്ധിക്കും

 ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി പാത നീട്ടണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര പരിഗണനയിൽ

സ്റ്റേഷനുകൾ

 എരുമേലി  അത്തിക്കയം  പെരിനാട്  പത്തനംതിട്ട  കോന്നി  പത്തനാപുരം  പുനലൂർ  അഞ്ചൽ  കിളിമാനൂർ  വെഞ്ഞാറമൂട്  നെടുമങ്ങാട്  കാട്ടാക്കട  ബാലരാമപുരം

ദൂരം

160 കിലോ മീറ്റർ

പദ്ധതിക്ക് വേണ്ടിവരുന്നത്

₹ 4800 കോടി

(പ്രാഥമിക വിലയിരുത്തൽ)

പുതിയ റെയിൽപാതയ്ക്ക് സ്ഥലം ഏറ്റെടുപ്പാകും പ്രധാന കടമ്പ. പാത സഫലമാകാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും.

ജനപ്രതിനിധികൾ