അശ്ലീല സന്ദേശം അയച്ചു: എസ്.പിക്കെതിരെ വനിതാ എസ്.ഐമാരുടെ പരാതി

Monday 25 August 2025 12:15 AM IST

തിരുവനന്തപുരം: അർദ്ധരാത്രി എസ്.പി നിരന്തരം അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി വനിതാ എസ്.ഐമാർ രംഗത്ത്. ക്രമസമാധാനചുമതലയുള്ള എഡി.ജി.പിയുടെ ഓഫീസിൽ എ.ഐജിയായ വി.ജി.വിനോദ് കുമാറിനെതിരെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജീതാ ബീഗത്തിന് പരാതി ലഭിച്ചത്. പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ്കുമാർ ഡി.ജി.പി റാവഡ ചന്ദ്രശേഖരനെ സമീപിച്ചു. പത്തനംത്തിട്ടയിൽ എസ്.പിയായിരിക്കെ വി.ജി.വിനോദ് കുമാർ അർദ്ധരാത്രിയിൽ അവിടെയുള്ള രണ്ട് വനിതാ എസ്‌.ഐമാർക്ക് സന്ദേശയങ്ങളയച്ചെന്നാണ് പരാതി. ഇക്കാര്യം ഡി.വൈ.എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇയാളെയും മാനസികമായി എസ്.പി പീഡിപ്പിച്ചുവെന്നാണ് ഡി.ഐ.ജി അജീതാ ബീഗത്തിന് നൽകിയ പരാതിയിൽ പറയുന്നത്. തെളിവുകൾ പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡി.ഐ.ജി ശുപാർശ ചെയ്തു. പൊലീസ് ആസ്ഥാനത്തെ എസ്.പി മെറിൻ ജോസഫിനോട് വിശദമായ അന്വേഷണം നടത്താൻ ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതോടെയാണ് വിനോദ്കുമാർ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയുമായി ഡി.ജി.പിയെ സമീപിച്ചത്. താൻ മോശമായി സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും എസ്.പി, ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡ്യൂട്ടിയുടെ ഭാഗമായാണ് സന്ദേശങ്ങൾ അയച്ചത്. രണ്ടു പരാതികളും ഒരേ ഫോണ്ടിൽ തയ്യാറാക്കിയാണ് നൽകിയത്. ഒന്നിന്റെ പകർപ്പാണ് മറ്റൊന്ന് ഇത് ഗൂഢാലോചനയാണെന്നാണ് വിനോദ്കുമാറിന്റെ വാദം. പത്തനംത്തിട്ട എസ്.പിയായിരിക്കെ പോക്‌സോ കേസിലെ അന്വേഷണ മേൽനോട്ടത്തിലുണ്ടായ വീഴ്ച ചൂണ്ടികാട്ടി ദക്ഷിണമേഖ ഐ.ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ പത്തനംത്തിട്ട എസ്.പി സ്ഥാനത്ത് നിന്ന് മാറ്റിയത്.