ഓണ'ലഹരി'ക്ക് കത്രികപ്പൂട്ട്
കൊല്ലം: ഓണക്കാലത്തെ ലഹരി വിപണനം തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കർശന പരിശോധന നടത്തുമെന്ന് കളക്ടർ എൻ.ദേവിദാസ്. ചേംബറിൽ ചേർന്ന വകുപ്പ് തല സംയുക്ത യോഗത്തിലാണ് തീരുമാനം. പൊലീസ്, എക്‌സൈസ്, റവന്യു, വനം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, ലീഗൽ മെട്രോളജി വകുപ്പുകളാണ് സംയുക്തപരിശോധന നടത്തുന്നത്.
24 മണിക്കൂറും താലൂക്ക് തല കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുമുണ്ട്. സെപ്തംബർ 8 വരെയാണ് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന. അന്തർ സംസ്ഥാന വാഹനപരിശോധന പൊലീസ്, വനം, എക്‌സൈസ് വകുപ്പുകൾ സംയുക്തമായി നടത്തുന്നുണ്ട്.
ആര്യങ്കാവ്, അച്ചൻകോവിൽ ചെക്ക് പോസ്റ്റുകളിൽ നിരന്തര പരിശോധന തുടരും. രാത്രികാല പട്രോളിംഗ് ശക്തമാക്കും. പട്ടികവർഗ വനമേഖലകൾ കേന്ദ്രീകരിച്ച് റെയ്ഡുകൾ, വനസംരക്ഷണ സമിതിയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയും നടത്തും. ആയുർവേദ കടകൾ, കൊറിയർ, പാഴ്സൽ വിതരണ കേന്ദ്രങ്ങൾ, രാത്രി വൈകി പ്രവർത്തിക്കുന്ന തട്ടുകടകൾ, തെരുവോര കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡുകൾ നടത്തും.
സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഓണാഘോഷം പ്രത്യേകം നിരീക്ഷിക്കും. അളവ് തൂക്കത്തിലെ വെട്ടിപ്പിന് പിഴ ഈടാക്കും.
സംയുക്ത പരിശോധ ശക്തം ബീച്ചുകളിൽ ഉത്സവകാല തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം
അധികമായി ലൈഫ് ഗാർഡുമാരെ നിയോഗിക്കും
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ
അനധികൃത പാർക്കിംഗ്, റോഡ് കൈയേറിയുള്ള കച്ചവടം അനുവദിക്കില്ല
തിരക്കുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ ഫയർഫോഴ്സ് ഉറപ്പാക്കും
ടെക്‌സ്‌റ്റൈൽസ് ഗോഡൗണുകളിലും വെയർഹൗസുകളിലും പരിശോധന
ഉപയോഗരഹിതമായ തെരുവുവിളക്കുകൾ പ്രവർത്തനസജ്ജമാക്കും
എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തഹസീൽദാർമാർ നേതൃത്വം നൽകും. റവന്യു ഡിവിഷണൽ ഓഫീസർമാർക്കാണ് സംയുക്ത പരിശോധനയുടെ മേൽനോട്ട ചുമതല.
എൻ.ദേവിദാസ്
ജില്ലാ കളക്ടർ