നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്
തിരുവമ്പാടി: നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി അങ്ങാടിയിൽ ഹൈസ്‌കൂൾ റോഡിൽ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെ തിരുവമ്പാടി സ്വദേശിയായ ശിഹാബുദ്ദീൻ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാളെ ഇയാൾ ചവിട്ടി വീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളും സ്ത്രീയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിയത്. മർദ്ദനത്തിനു കാരണം വ്യക്തമല്ലെന്നും ഇരുവരും പരിചയമുള്ളവരല്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമിച്ചതിൽ പരാതിയില്ലെന്ന് യുവതി അറിയിച്ചതിനാൽ ഇയാൾക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കിയതിന് പൊലീസ് കേസെടുത്തു.