ലുലു മാൾ നിർമ്മാണം വൈകുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലിൽ : എം.എ.യൂസഫലി

Monday 25 August 2025 12:16 AM IST

തൃശൂർ: തൃശൂരിൽ ലുലു മാൾ നിർമ്മാണം വൈകുന്നത് ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലുകൊണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. രണ്ടര വർഷം മുൻപ് പ്രവർത്തനം തുടങ്ങേണ്ട മാളിന്റെ തുടർപ്രവർത്തനം നടക്കാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യ കേസുമായി മുന്നോട്ടുപോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് മുന്നോട്ടുവച്ചത്. അദ്ദേഹം പറ‍ഞ്ഞു. ഇവിടെ ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസം മാറിയാലുടൻ തൃശൂരിൽ ലുലു മാൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ടി.എം.എ പ്രസിഡന്റ് സി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.മണപ്പുറം ഗ്രൂപ്പ് ചെയർമാൻ പി.വി.നന്ദകുമാർ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.പോൾ തോമസ്, ടി.എസ്.അനന്തരാമൻ, വി.വേണുഗോപാൽ, ടി.ആർ.അനന്തരാമൻ, സിജോ പോന്നോർ, പി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.