'കയമ"യ്ക്ക് തീവില: രുചികുറഞ്ഞ് കോഴിക്കോടൻ ബിരിയാണി

Monday 25 August 2025 12:22 AM IST

കോഴിക്കോട്: രുചിയിൽ കേമനായ കോഴിക്കോടൻ ദം ബിരിയാണിക്കും നെയ്‌ച്ചോറിനുമുള്ള കയമ അരിയുടെ വില കുതിക്കുന്നു. കിലോയ്ക്ക് 85-90 രൂപയുണ്ടായിരുന്നത് 210 രൂപയായി. മൂന്നു മാസത്തിനിടെ കൂടിയത് 110 രൂപ.

ബംഗാളിലെ ബർദമനിൽ നിന്നാണ് കേരളത്തിൽ കയമ അരിയെത്തുന്നത്. പ്രകൃതിക്ഷോഭം കാരണം ഉത്പാദനവും വിദേശ കയറ്റുമതിയും കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്ന് പാചക തൊഴിലാളികൾ പറയുന്നത്. കയമയുടെ തദ്ദേശീയ ഉപയോഗവും കൂടി. ഇതുകാരണം ബിരിയാണിയുണ്ടാക്കാൻ മറ്റ് അരികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ബിരിയാണിക്കുള്ള ഇന്ധനമായ ചിരട്ട കിട്ടാനില്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്. ചിരട്ട കിലോയ്ക്ക് 20 രൂപയിലധികം ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ഏജന്റുമാർക്ക് മറിച്ചുവിൽക്കുമ്പോൾ കിലോയ്ക്ക് 33 രൂപവരെ ലഭിക്കും. എട്ട് തേങ്ങയുടെ ചിരട്ടയുണ്ടെങ്കിൽ ഒരു കിലോ ചിരട്ട ലഭിക്കും. വീടുകളിൽ നിന്ന് ചിരട്ട ശേഖരിച്ച് വിദേശത്തേക്കയയ്ക്കുന്ന സംഘങ്ങളും സജീവമാണ്.

കുടിവെള്ളം ശുദ്ധമാക്കും ചിരട്ടക്കരി

ഭക്ഷ്യ എണ്ണയും കുടിവെള്ളവും ശുദ്ധീകരിക്കാൻ

 ശീതള പാനീയങ്ങളുടെ പായ്ക്കിംഗിനും ഉപയോഗിക്കും

 ഓട്ടോമൊബെെൽ, സിഗരറ്റ് ഫിൽറ്ററുകളിൽ

 ക്ളോറിൻ, ഓസോൺ എന്നിവ നീക്കാനും ഉപയോഗിക്കും

കയമ അരിയുടെ ബിരിയാണിയും നെയ് ചോറും രുചിയും ഗുണവും വ്യത്യാസമില്ലാതെ കൂടുതൽ സമയം സൂക്ഷിക്കാം.

-ഗോകുൽദാസ് ഒളവണ്ണ

ജില്ല സെക്രട്ടറി

മലബാർ കുക്കിംഗ് ആൻഡ് കാറ്ററിംഗ് വർക്കേഴ്സ് യൂണിയൻ