അറുപറക്കോണം അടി​പ്പാലം: കരിങ്കല്ലിൽ കോർത്ത ബ്രിട്ടീഷ് വിദ്യ!

Monday 25 August 2025 12:25 AM IST

നിർമ്മിതിക്ക് പഴക്കം

100

ആണ്ടിന് മേൽ

എഴുകോൺ: പഴയ കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് റെയിൽപാതയിലെ എഴുകോൺ അറുപറക്കോണം അടിപ്പാലത്തി​ന് നൂറ്റാണ്ടി​ന്റെ പെരുമ. പകർത്താനാകാത്ത നിർമ്മാണ വൈദഗ്ദ്ധ്യവും ശില്പചാരുതയുമാണ് തുരങ്കത്തി​ന്റെ അത്ഭുത സവിശേഷത.

ബ്രിട്ടീഷ് നിർമ്മാണ സാങ്കേതികവിദ്യകളുടെ ചരിത്ര പാഠമാണ് കമാനാകൃതിയിലുള്ള (ആർച്ച്) അടിപ്പാലം.

ഭാരം താങ്ങാനും ദൃഢത നൽകാനുമാണ് ഇരുപതാം നൂറ്റാണ്ടിൽ കമാനാകൃതിയിൽ പാലങ്ങൾ നിർമ്മിച്ചിരുന്നത്. ഇന്നത്തെ ഇന്റർലോക്ക് സാങ്കേതിക വിദ്യയ്ക്ക് സമാനമായി ചതുരവടിവിലുള്ള പാറക്കല്ലുകൾ ചേർത്തുവച്ചാണ് നി​ർമ്മാണം. സിമന്റി​ന് പകരം സുർക്കി മിശ്രിതമാണ് പ്ലാസ്റ്ററിംഗി​ന് ഉപയോഗിച്ചത്. ചുണ്ണാമ്പ് കല്ലും ശർക്കരയും മൺകട്ട പൊടിയും കൂട്ടിക്കുഴച്ചാണ് സുർക്കി നിർമ്മിക്കുന്നത്. ഒരുകല്ലു പോലും ഇതുവരെ ഇളകി​യി​ട്ടി​ല്ല. 2007ൽ ഗേജ് മാറ്റത്തിനായി അടയ്ക്കുന്നത് വരെ തുരങ്കം ഉപയോഗിച്ചിരുന്നു.

പുതിയ പാതയ്ക്കായി തുരങ്കം പൊളിക്കാൻ ശ്രമി​ച്ചെങ്കി​ലും മനുഷ്യാദ്ധ്വാനത്തി​ലൂടെ സാദ്ധ്യമായി​ല്ല. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം യന്ത്രങ്ങളും ഉപയോഗി​ക്കാനായി​ല്ല. തുടർന്ന് തുരങ്കം അതേപടി നിലനിറുത്തി തൊട്ടടുത്ത് മറ്റൊരു അടിപ്പാലം നിർമ്മിച്ചാണ് ബ്രോഡ്ഗേജ് പാത സ്ഥാപിച്ചത്. സവിശേഷതയാർന്ന ചരിത്ര നിർമ്മിതി എന്ന പരിഗണനയും പഴയ തുരങ്കത്തിന് റെയിൽവേ നൽകി. ട്രെയിൻ ഏറ്റവും കൂടുതൽ ഉയരത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലൊന്നാണിവിടം. ഇപ്പോഴും അറുപറക്കോണം കൈത്തോട് വലിയ തോട്ടിലേക്ക് ഒഴുകുന്നത് ഈ മാർഗത്തിലൂടെയാണ്.

കോട്ടപോലെ ഉറപ്പ്

 എഴുകോണുകാരുടെ ഗൃഹാതുര ഓർമ്മകളി​ലെ കണ്ണി

 പാദങ്ങൾ നനയ്ക്കുന്ന നീരൊഴുക്ക് എപ്പോഴുമുണ്ടാവും

 തുരങ്കത്തിനുള്ളിൽ ഒച്ചയിട്ട് പ്രതിദ്ധ്വനി കേൾക്കാൻ രസം

 തെക്ക് പടിഞ്ഞാറ് ദേശക്കാർക്ക് ഗ്രാമകേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം

 പോയ നൂറ്റാണ്ടിലെ നാഴികക്കല്ലുകളുടെ അവശേഷിപ്പ്

തുരങ്ക പാത നിർമ്മാണം

1902ൽ

ഉപയോഗിച്ചത്

 കരിങ്കല്ലും

 സുർക്കിയും