ഡൽഹിയിൽ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം തുറന്നു

Monday 25 August 2025 12:27 AM IST

ന്യൂഡൽഹി:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഡൽഹിയിൽ സ്ഥാപിച്ച ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദെ മില്ലത്ത് സെന്റർ' ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ജവഹർ ലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 'ഇന്ത്യ' മുന്നണി നേതാക്കളും മുസ്ളീം ലീഗ് പ്രതിനിധികളും പങ്കെടുത്തു.സമുദായങ്ങളെ കോർത്തിണക്കുന്ന ദൗത്യമാണ് മുസ്ളീം ലീഗ് നിർവഹിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.മതേതരത്വ നിലപാടുകളിൽ ഹിന്ദു പേരുള്ള സംഘടനകൾക്ക് മുസ്ളീം ലീഗുമായി മത്സരിക്കാനാകില്ല.നരേന്ദ്രമോദിയും അമിത് ഷായും ജനങ്ങളെ വിഭജിക്കുന്ന പ്രവർത്തികളാണ് നടപ്പാക്കുന്നതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം വായിച്ചു.മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ,ഡോ.അബ്ദുസ്സമദ് സമദാനി,പി.വി അബ്ദുൽ വഹാബ്,അഡ്വ.ഹാരിസ് ബീരാൻ,നവാസ് കനി,ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ,അബ്ദുൽബാസിദ്,റാജിഅ് അലി ശിഹാബ് തങ്ങൾ,അസി.സെക്രട്ടറി ഫാത്തിമ മുസഫർ,ജയന്തി രാജൻ,ദേശീയ ഭാരവാഹികളായ കെ.പി.എ. മജീദ് എം.എൽ.എ,മുനവ്വർ അലി ശിഹാബ് തങ്ങൾ,ടി.എ.അഹമ്മദ് കബീർ,സി.കെ.സുബൈർ,ആസിഫ് അൻസാരി,അഡ്വ.വി.കെ.ഫൈസൽ ബാബു,ഡോ.നജ്മുൽ ഹസൻ ഗനി,മുഹമ്മദ് കോയ തിരുന്നവായ,തമിഴ്‌നാട് ന്യൂനപക്ഷകാര്യ മന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.എം.നാസിർ,കോഴിക്കോട് എം.പി എം.കെ.രാഘവൻ,ജെ.എം.എം എം.പി സർഫറാസ് അഹമ്മദ്, സമാജ് വാദി പാർട്ടി എം.പി മൗലാന മൊഹിബ്ബുള്ള നദ്‌വി തുടങ്ങിയവർ പങ്കെടുത്തു.