നെൽവിലയിൽ പഴിചാരൽ മാത്രം, ഓണത്തിനും കിട്ടുമെന്ന് ഉറപ്പില്ല
ആലപ്പുഴ:നെൽവില വിതരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പഴിചാരുമ്പോൾ ഓണത്തിനെങ്കിലും പണം കിട്ടുമോ എന്ന ആശങ്കയിലാണ് നെൽകർഷകർ.കഴിഞ്ഞ പുഞ്ച കൃഷിയിൽ സംഭരിച്ച നെല്ലിന്റെ വിലയായ 349.28 കോടി രൂപ കർഷകരുടെ അക്കൗണ്ടിലെത്താനിരിക്കെ സംഭരണ ചുമതലയുള്ള സപ്ളൈകോയും തലയൂരി. അതോടെ പണം എന്ന് കിട്ടുമെന്ന് യാതൊരു സൂചനയുമില്ലാത്ത സ്ഥിതിയാണ്.നെല്ല് സംഭരണം കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം ലഭിക്കുമ്പോൾ മാത്രമേ കൃഷിക്കാർക്ക് നൽകാൻ കഴിയൂവെന്നാണ് സപ്ളൈകോ സംഭരണത്തിനുള്ള ഓൺ ലൈൻ അപേക്ഷയിൽ വ്യക്തമാക്കുന്നത്.കഴിഞ്ഞ രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് അഞ്ചുമാസം പിന്നിട്ടിട്ടും ശേഷിക്കുന്നത്.സപ്ളൈകോ മുഖേന സംഭരിച്ച് നെല്ലിന്റെ വിലയായി 2601 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്.ഓണത്തിന് കഷ്ടിച്ച് പത്തുദിവസം മാത്രം ശേഷിക്കെ കഴിഞ്ഞ സീസണിലെ കൃഷിക്കുണ്ടായ കടം വീട്ടാനും ഈ സീസണിലെ ആദ്യകൃഷിക്കും വളം,കീടനാശിനി പ്രയോഗത്തിനും മറ്റുമായി കടം വാങ്ങിയ കർഷകർ ഓണച്ചെലവിന് എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ഒരു തീർച്ചയുമില്ലാത്ത അവസ്ഥയിലാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം ലഭിച്ചാലേ സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാൻ കഴിയുവെന്ന് സപ്ളൈകോ അറിയിച്ചിരിക്കെ ഓണത്തിന് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കനിയുമോയെന്നത് കണ്ടറിയണം.
നെല്ല് സംഭരണം
സംഭരിച്ച നെല്ല് ......................5.80 ലക്ഷം ടൺ
ആകെ കർഷകർ....................2,06,878
നെൽ വില..............................1,645 കോടി
കൊടുത്തത്...........................1295.72 കോടി
ബാക്കി..................................... 349.28കോടി
''കഴിഞ്ഞ സീസണിലെ നെല്ലിന്റെ വില നൽകാതെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. നെല്ല് സംഭരണത്തിന് രജിസ്ട്രേഷൻ ആരംഭിക്കുമ്പോഴേ കൊയ്ത്തും സംഭരണവും എന്ന് പൂർത്തിയാകുമെന്നുള്ളത് വ്യക്തമാണ്.എന്നിട്ടും അതിനാവശ്യമായ പണം കണ്ടെത്താനും വിതരണം ചെയ്യാനും സൗകര്യമൊരുക്കാത്തത് കർഷക ദ്രോഹമാണ്. ''
- നെൽകർഷക സംഘടനകളുടെ കോർ കമ്മിറ്റി