ട്രാൻസ്ജെൻഡർ ചാറ്റിനെ പ്രതിരോധിച്ച് രാഹുൽ, മുഖ്യ ആരോപണങ്ങളിൽ മൗനം
അടൂർ: ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കലും അതിന് വഴങ്ങാത്തതിന് ഭീഷണിപ്പെടുത്തലും തുടങ്ങി യുവതികളുടെ ഗുരുതര വെളിപ്പെടുത്തലുകളോടു പ്രതികരിക്കാതെ, ട്രാൻസ് വുമൺ അവന്തികയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളെ മാത്രം പ്രതിരോധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നാലു ദിവസമായി അടൂർ നെല്ലിമുകളിലെ വീട്ടിൽ കഴിഞ്ഞ രാഹുൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് അവന്തികയ്ക്ക് മറുപടി പറയാൻ മാദ്ധ്യമങ്ങളെ കണ്ടു. ആരോപണങ്ങൾ തെറ്റാണെന്നായിരുന്നു വിശദീകരണം.
തുടർന്ന് തിരുവനന്തപുരത്തേക്ക് പോകാനായി കാറിൽ കുറേദൂരം യാത്ര ചെയ്തെങ്കിലും അല്പം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തി. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേർന്നശേഷം തീരുമാനങ്ങൾ അറിയിക്കാമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞതനുസരിച്ചാണ് യാത്ര റദ്ദാക്കിയതെന്ന് അറിയുന്നു.
യുവനടി റിനിയുടെ ആരോപണങ്ങൾ നിഷേധിച്ച് വ്യാഴാഴ്ച വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ കൂടുതൽ യുവതികൾ രാഹുലിന്റെ പീഡനങ്ങൾ വെളിപ്പെടുത്തിയതോടെ വീട്ടിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. മാദ്ധ്യമപ്രവർത്തകർ മൂന്ന് ദിവസമായി രാഹുലിന്റെ വീടിന് പുറത്ത് പുലർച്ചെ മുതൽ കാത്തുനിന്നിട്ടും പുറത്തേക്കിറങ്ങിയിരുന്നില്ല. ഔദ്യോഗിക കാർ വീടിന് പിന്നിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു.
മാദ്ധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് ഇന്നലെ രാഹുൽ ആരോപിച്ചു. തുടർന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വീട്ടിൽ കയറി വാതിൽ അടച്ചു. മൂന്നരയോടെയാണ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.ചാനൽ വാഹനങ്ങൾ പിന്തുടർന്നെങ്കിലും നാലരയോടെ വീട്ടിൽ തിരിച്ചെത്തി.
പ്രവർത്തകരോട് ക്ഷമചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
അടൂർ :ഇപ്പോഴുള്ള സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അടൂരിലെ വീട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ്ജൻഡർ യുവതി അവന്തിക ഇപ്പോഴും സുഹൃത്താണ്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് അവന്തികയാണ് തന്നെ വിളിച്ചത്. .രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടോ എന്ന് ഒരു പ്രമുഖ ചാനലിന്റെ ന്യൂസ് റിപ്പോർട്ടർഅന്വേഷിച്ചെന്നായിരുന്നു പറഞ്ഞത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ചാറ്റുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും രാഹുൽ പറഞ്ഞു.
രാഹുൽഗാന്ധിയുടെ ചിത്രം പങ്കുവച്ച് മാങ്കൂട്ടത്തിൽ
അടൂർ: എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യം ശക്തമായിരിക്കെ രാഹുൽ ഗാന്ധിയുടെ ചിത്രം ചേർത്തുള്ള ഫേസ് ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. ''പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു. വീഴ്ത്താൻ ശ്രമിച്ചു. സ്തുതി പാടിയവർ വിമർശകരായി. കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഇൗ പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്'' എന്നിങ്ങനെയാണ് ഫേസ് ബുക്ക് കുറിപ്പ്. അതിന്റെ അവസാനം രാഹുൽ ഗാന്ധി എന്നും എഴുതിയിട്ടുണ്ട്. രാഹുൽഗാന്ധി പ്രവർത്തകർക്കൊപ്പം ബുള്ളറ്റിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ഒപ്പം ചേർത്തിരിക്കുന്നത്.
രാജിവച്ചേ തീരൂ: ഉമ തോമസ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ഉമ തോമസ് എം.എൽ.എ. ആരോപണം തെറ്റാണെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു.പാർട്ടി രാജി ആവശ്യപ്പെടണം. കോൺഗ്രസ് എന്നും സ്ത്രീകളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ. ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി തുടക്കത്തിലേ കോൺഗ്രസ് നല്ല നിലപാടാണ് എടുത്തതന്നും ഉമ തോമസ് പറഞ്ഞു.
അസുഖങ്ങൾ പുറത്തു വരുമ്പോഴേ അറിയൂ: കെ. മുരളീധരൻ
തിരുവനന്തപുരം: ആര് എവിടെയൊക്കെ മതിൽ ചാടുന്നുവെന്ന് ആർക്കറിയാമെന്നും ഇതുപോലുളള വിഷയങ്ങൾ എങ്ങനെ മുൻകൂട്ടി കാണാൻ കഴിയുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പലർക്കും പല അസുഖങ്ങളൊക്കെ ഉണ്ടെങ്കിലും രോഗം പുറത്തു വരുമ്പോഴേ മനസിലാക്കാനാകൂ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞദിവസം വന്ന ശബ്ദരേഖകൾ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. അവയുടെ ആധികാരികത കൂടി പരിശോധിക്കണം. കാര്യങ്ങളെക്കുറിച്ച് വസ്തുതപരമായി പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കും. ഒരിക്കലും പാർട്ടി കുറ്റാരോപിതനൊപ്പമുള്ള നിലപാട് സ്വീകരിക്കില്ല.