ഗുരുദേവ ജയന്തി:വിദേശ രാജ്യങ്ങളിൽ നിന്നും ഭക്തർ ശിവഗിരിയിലെത്തും
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷങ്ങളിൽ സംബന്ധിക്കാൻ സെപ്റ്റംബർ 7ന് ശിവഗിരിയിലും ചെമ്പഴന്തിയിലും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളും എത്തിച്ചേരും .
ഓണക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർ ജയന്തി ആഘോഷങ്ങളിൽ സംബന്ധിക്കുന്നതിന് മുന്നൊരുക്കങ്ങളും ചെയ്യുന്നുണ്ട്. ഗുരുദർശനത്തിന്റെയും ശിവഗിരി മഠത്തിന്റെയും പ്രശസ്തി ലോകമാകെ എത്തിക്കൊണ്ടിരിക്കുന്നതിനാൽ ശിവഗിരി സന്ദർശനം നടത്തണമെന്ന ചിന്ത വർദ്ധിച്ചു വരുകയാണ്.
കഴിഞ്ഞ ഓണക്കാലത്ത് ശിവഗിരിയിൽ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം ,വത്തിക്കാനിൽ നടന്ന ലോകമതപാർലമെന്റ് , ഡൽഹിയിൽ നടന്ന ഗാന്ധി-ഗുരുദേവ സമാഗമ ശതാബ്ദി, ഇംഗ്ലണ്ട് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾ എന്നിവ ഗുരുദേവ ഭക്തരിലും ശിവഗിരി ബന്ധുക്കളിലും ഏറെ മതിപ്പുളവാക്കി. നാട്ടിലുള്ള ബന്ധുക്കൾ , ഉറ്റവര്‍ ഓണം ജയന്തി കാലത്ത് മറുനാടുകളില്‍ നിന്നും വന്നു ചേരുമ്പോള്‍ അവരെയുംകൂട്ടി കുടുംബസമേതം ശിവഗിരിയിൽ എത്തുന്നു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ ലക്ഷദീപം തെളിക്കുന്നതിനും ഇവർ താല്പര്യം കാട്ടുന്നു.